ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവന അവാര്‍ഡ് രാകേഷ് ശര്‍മ്മക്ക്

ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവന അവാര്‍ഡ് രാകേഷ് ശര്‍മ്മക്ക്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത് ഐഡിഎസ്എഫ്എഫ്‌കെയുടെ ഭാഗമായി ഡോക്യുമെന്ററി രംഗത്തെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് രാകേഷ് ശര്‍മ്മയ്ക്ക് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 22 മുതല്‍ 27 വരെ കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ പുരസ്‌കാരം സമര്‍പ്പിക്കും.ഇന്ത്യന്‍ ഡോക്യുമെന്ററി രംഗത്തെ പരിവര്‍ത്തനത്തിനു വിധേയമാക്കിയതിലുള്ള നിര്‍ണായകപങ്ക്, സാമൂഹിക നീതിക്കായുള്ള നിലയുറച്ച പ്രതിബദ്ധത, നിര്‍ഭയമായ ചലച്ചിത്രപ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം. മേളയില്‍ രാകേഷ് ശര്‍മ്മയുടെ തിരഞ്ഞെടുത്ത ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും.

ഇന്ത്യന്‍ കഥേതര ചലച്ചിത്രരംഗത്തെ ഒത്തുതീര്‍പ്പുകളില്ലാത്ത ഉറച്ച ശബ്ദങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന രാകേഷ് ശര്‍മ്മ 2004ലെ ‘ഫൈനല്‍ സൊല്യൂഷന്‍’ എന്ന ഡോക്യുമെന്ററിയുടെ പേരിലാണ് പ്രധാനമായും അറിയപ്പെടുന്നത്. 2002ലെ ഗുജറാത്ത് വംശഹത്യയെ ആഴത്തില്‍ വിശകലനം ചെയ്ത് തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉദ്ഭവവും വളര്‍ച്ചയും അന്വേഷിക്കുന്ന ഈ ഡോക്യുമെന്ററി 120ല്‍പ്പരം അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2006ലെ ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ കഥേതര വിഭാഗത്തില്‍ ഈ ഡോക്യുമെന്ററി സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടുകയും ചെയ്തു. ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ഡോക്യുമെന്ററിയാണിത്.

‘ഭാരത് ഏക് ഖോജ്’ എന്ന ദൂരദര്‍ശന്‍ പരമ്പരയില്‍ ശ്യാം ബെനഗലിന്റെ അസിസ്റ്റന്റായി ചലച്ചിത്രരംഗത്ത് പ്രവേശിച്ച രാകേഷ് ശര്‍മ്മ, തുടര്‍ന്ന് ദൂരദര്‍ശന്‍, ബി.ബി.സി, ചാനല്‍ 4 എന്നിവയുടെ വിവിധ പദ്ധതികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ചാനല്‍ V, സ്റ്റാര്‍ പഌ് ഇന്ത്യ, വിജയ് ടിവി തുടങ്ങിയ പ്രമുഖ ചാനലുകള്‍ക്കുവേണ്ടി പരിപാടികള്‍ ഒരുക്കിക്കൊണ്ട് ഇന്ത്യന്‍ ഉപഗ്രഹ ടെലിവിഷന്റെ തുടക്കകാലത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കി. സ്വതന്ത്ര ഡോക്യുമെന്ററി രംഗത്തേക്ക് മടങ്ങി വന്നതിനുശേഷം ഒരുക്കിയ ഭൂകമ്പാനന്തര ഗുജറാത്തിലെ ചെറുത്തുനില്‍പ്പുകള്‍ അന്വേഷിക്കുന്ന ‘ആഫ്റ്റര്‍ഷോക്‌സ്: ദ റഫ് ഗൈഡ് റ്റു ഡെമോക്രസി’ എന്ന ചിത്രം 2002ലെ റോബര്‍ട്ട് ഫഌഹര്‍ട്ടി പുരസ്‌കാരം നേടി.

ലോകവ്യാപകമായി 100ല്‍പ്പരം നഗരങ്ങളിലും നിരവധി സര്‍വകലാശാലകളിലും ബിബിസി, എന്‍എച്ച്‌കെ, ഡിആര്‍ 2, വൈഎല്‍ഇ എന്നീ ടിവി ചാനലുകളിലും രാകേഷ് ശര്‍മ്മയുടെ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.

administrator

Related Articles