പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാളത്തില്‍ 50ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ഷാനവാസിന്റെ അരങ്ങേറ്റം നായകനായിട്ടായിരുന്നു. 1981 ല്‍ ബാലചന്ദ്രമേനോന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന സിനിമയില്‍ യുവനായകനായി സിനിമയില്‍ തുടക്കം കുറിച്ചു. അംബികയായിരുന്നു ചിത്രത്തിലെ നായിക. പിന്നീട് 25 ഓളം സിനിമകളില്‍ ഷാനവാസ് നായകനായി വേഷമിട്ടു. ഒട്ടേറെ ചിത്രങ്ങളില്‍ വില്ലനും സഹനടനായും രംഗത്തെത്തി. മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

പ്രേംനസീറിനും സഹോദരന്‍ പ്രേംനവാസിനും ശേഷം സിനിമയിലേക്ക് എത്തിയ ഷാനവാസ് പ്രത്യേകമായ തന്റെ ശൈലി കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചത്. അച്ഛന്‍ പ്രേംനസീറിനൊപ്പം ഇവന്‍ ഒരു സിംഹം എന്ന ചിത്രത്തിലാണ് ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഏഴു സിനിമകളില്‍ അച്ഛനും മകനും ഒന്നിച്ചഭിനയിച്ചു. 1989ല്‍ നസീറിന്റെ മരണശേഷവും അഭിനയം തുടര്‍ന്നെങ്കിലും വേഷങ്ങളില്‍ ആവര്‍ത്തനവിരസതയുണ്ടായപ്പോള്‍ സിനിമാരംഗം വിട്ടു. പിന്നീട് ഗള്‍ഫില്‍ ഷിപ്പിങ് കമ്പനിയില്‍ മാനേജരായി ജോലി നോക്കി.
പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം 2011ല്‍ പുറത്തിറങ്ങിയ ചൈനാ ടൗണ്‍ എന്ന മലയാള ചലച്ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്തേക്ക് തിരിച്ചെത്തി. 2022 ല്‍ പുറത്തിറങ്ങിയ ജനഗണമനയാണ് അവസാനമായി അഭിനയിച്ച സിനിമ.

കുറേക്കാലം മലേഷ്യയിലായിരുന്നു താമസം. പിന്നീട് തിരുവനന്തപുരം വഴുതക്കാട് ഫ്ലാറ്റിലേക്ക് താമസം മാറി. 2011ല്‍ ചൈനാ ടൗണ്‍ എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്തെത്തി. പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് ഒടുവില്‍ വേഷമിട്ടത്. ആയിഷ ബീവിയാണ് ഭാര്യ. ഷമീര്‍ ഖാന്‍, അജിത് ഖാന്‍ എന്നിവരാണ് മക്കള്‍. ഷമീര്‍ ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

administrator

Related Articles