പെര്‍പ്ലെക്‌സിറ്റിയുടെ എഐ സെര്‍ച്ച് ബ്രൗസറായ കോമെറ്റ് ഇന്ത്യയിലെ വിന്‍ഡോസ്, മാക് ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. പ്രോ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് കോമെറ്റ് ലഭ്യമാകുമെന്ന് പെര്‍പ്ലെക്‌സിറ്റിയുടെ എഐ സിഇഒ അരവിന്ദ് ശ്രീനിവാസ് അറിയിച്ചു. നിലവില്‍ മാക്, വിന്‍ഡോസ് ഉപകരണങ്ങളില്‍ മാത്രമേ ലഭ്യമാകൂ.
ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ലഭ്യമാകണമെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാമെന്നും ശ്രീനിവാസ് അറിയിച്ചു. ജോലി, ഗവേഷണം, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന ആളുകളെ ലക്ഷ്യം വെച്ചാണ് കോമറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആന്‍ഡ്രോയിഡിന് വേണ്ടി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുമെങ്കിലും റിലീസ് തീയതി എന്നാണെന്ന് അറിയിച്ചിട്ടില്ല. എഐ ഏജന്റായിട്ടാണ് കോമെറ്റ് ബ്രൈസര്‍ പ്രവര്‍ത്തിക്കുക. എല്ലാ ടാബുകളും കൈകാര്യം ചെയ്യാനും ഇമെയിലുകളും കലണ്ടര്‍ ഇവന്റുകളും സംഗ്രഹിക്കാനും വെബ് പേജുകളിലൂടെ നാവിഗേറ്റ് ചെയ്യാനും ഇതിന് സാധിക്കും.
ആവശ്യമായ എല്ലാ വിവരങ്ങളും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ഒരു വര്‍ക്ക്‌സ്‌പെയ്‌സും, വെബ്‌പേജ് ഒരു ഇമെയിലാക്കി അയയ്ക്കാന്‍ സാധിക്കുക മുതലായ സവിശേഷതകളാണ് ഗൂഗിള്‍ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് തുടങ്ങിയ മറ്റ് വെബ് ബ്രൗസറുകളില്‍ നിന്ന് പെര്‍പ്ലെക്‌സിറ്റി കോമറ്റിനെ വ്യത്യസ്തമാക്കുന്നത്.

