ഗൂഗിളിനെതിരെ പെര്‍പ്ലെക്‌സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ്

ഗൂഗിളിനെതിരെ പെര്‍പ്ലെക്‌സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ്

ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ലോകത്ത് ഗൂഗിളിന്റെ ആധിപത്യത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പെര്‍പ്ലെക്‌സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ്. ”ഇന്റര്‍നെറ്റ് ഗൂഗിളിന്റെ കൈകളില്‍ വിടുന്നത് വളരെ അപകടകരമാണ്” എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചതോടെയാണ് പുതിയ സാങ്കേതിക ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഗൂഗിള്‍ ക്രോം ബ്രൗസറിന് നേരിട്ടുള്ള വെല്ലുവിളിയുമായി എഐയില്‍ പ്രവര്‍ത്തിക്കുന്ന കോമറ്റ് എന്ന പുതിയ ബ്രൗസര്‍ പെര്‍പ്ലെക്‌സിറ്റി അടുത്തിടെ പുറത്തിറക്കിയിരുന്നു.

കൂടുതല്‍ ഞെട്ടിക്കുന്ന നീക്കമായി, തങ്ങളുടെ സ്വന്തം മൂല്യമായ 18 ബില്യണ്‍ ഡോളറിന്റെ ഇരട്ടിയോളം നല്‍കി ഗൂഗിളില്‍ നിന്ന് ക്രോം ബ്രൗസര്‍ വാങ്ങാന്‍ പെര്‍പ്ലെക്‌സിറ്റി വാഗ്ദാനം ചെയ്തു. എഐ തിരയല്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള കമ്പനിയുടെ കടുത്ത അഭിലാഷമാണ് ഈ നീക്കം എടുത്തുകാണിക്കുന്നത്.

ഗൂഗിള്‍ ക്രോമുമായുള്ള നേരിട്ടുള്ള മത്സരമാണ് പെര്‍പ്ലെക്‌സിറ്റി ലക്ഷ്യമിടുന്നത്. പെര്‍പ്ലെക്‌സിറ്റി അടുത്തിടെ AI-യില്‍ പ്രവര്‍ത്തിക്കുന്ന കോമറ്റ് ബ്രൗസര്‍ പുറത്തിറക്കി. ഇത് ഉപയോക്താക്കള്‍ക്ക് പരിചിതമായ എന്നാല്‍ മികച്ച അനുഭവം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്രോമിയം ഫ്രെയിംവര്‍ക്കിനെ അടിസ്ഥാനമാക്കിയാണ് കോമറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ക്രോം എക്സ്റ്റന്‍ഷനുകളെയും ബുക്ക്മാര്‍ക്കുകളെയും പിന്തുണക്കുന്നു.
ഗൂഗിളിന്റെ ആധിപത്യം കുറയ്ക്കുന്നതിനായുള്ള വലിയ തുകയുടെ വാഗ്ദാനമാണിത്. സ്വന്തം മൂല്യമായ 18 ബില്യണ്‍ ഡോളറിന്റെ ഇരട്ടിയായി 34.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 2.8 ലക്ഷം കോടി രൂപ) നല്‍കി ക്രോം ബ്രൗസര്‍ വാങ്ങാനാണ് പെര്‍പ്ലെക്‌സിറ്റി വാഗ്ദാനം ചെയ്തത്. ഏറ്റെടുക്കല്‍ വിജയകരമായാല്‍, ക്രോമിയത്തെ ഓപ്പണ്‍ സോഴ്സ് ആയി നിലനിര്‍ത്തുമെന്നും, ഡിഫോള്‍ട്ട് തിരയല്‍ ക്രമീകരണങ്ങള്‍ മാറ്റില്ലെന്നും, രണ്ട് വര്‍ഷത്തിനുള്ളില്‍ 3 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും പെര്‍പ്ലെക്‌സിറ്റി ഉറപ്പ് നല്‍കി. ഒരു ആന്റിട്രസ്റ്റ് കേസില്‍ ക്രോം വില്‍ക്കാന്‍ അമേരിക്കന്‍ നീതിന്യായ വകുപ്പ് (DOJ) ഗൂഗിളിനെതിരെ സമ്മര്‍ദ്ദം ചെലുത്തുന്ന സമയത്താണ് ഈ ഓഫര്‍ വന്നതെന്നതും ശ്രദ്ധേയമാണ്.

administrator

Related Articles