നിര്‍മ്മിത ബുദ്ധി മേഖലയില്‍ പ്രായോഗിക വൈദഗ്ധ്യം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഓപ്പണ്‍എഐ തങ്ങളുടെ ആദ്യത്തെ ഔദ്യോഗിക സര്ട്ടിഫിക്കേഷന് കോഴ്സുകള്‍ പുറത്തിറക്കി. പ്രൊഫഷണലുകള്‍ക്കും അധ്യാപകര്‍ക്കും എഐ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. ഇതില്‍ ശ്രദ്ധേയമായ ‘എഐ ഫൗണ്ടേഷന്‍സ്’ എന്ന കോഴ്സ് നേരിട്ട് ചാറ്റ്ജിപിടിയിലൂടെ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിലവില്‍ വന്‍കിട കമ്പനികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി, അധ്യാപകര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പരിശീലന പരിപാടികളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ആഗോള തൊഴില്‍ വിപണിയില്‍ എഐ അധിഷ്ഠിത വൈദഗ്ധ്യമുള്ളവര്‍ക്ക് ഉയര്‍ന്ന ശമ്പളവും പരിഗണനയും ലഭിക്കുന്ന സാഹചര്യത്തിലാണ് ഓപ്പണ്‍എഐയുടെ ഈ നീക്കം. ആഴ്ചയില്‍ 800 ദശലക്ഷത്തിലധികം ആളുകള്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാറുന്ന സമ്പദ്വ്യവസ്ഥയില് ദശലക്ഷക്കണക്കിന് ആളുകളെ തൊഴില്‍സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പണ്‍എഐ ഈ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ക്കൊപ്പം മുന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സര്ട്ടിഫിക്കേഷന് വലിയൊരു മുതല്‍ക്കൂട്ടാകും.

