ഓപ്പൺ എഐ രണ്ട് പുതിയ ഓപ്പൺ-സോഴ്‌സ് എഐ മോഡലുകളായ ജിപിടി-ഒഎസ്എസ്-120ബി, ജിപിടി-ഒഎസ്എസ്-20ബി എന്നിവ പുറത്തിറക്കി. ഡെവലപ്പർമാർക്ക് കുറഞ്ഞ ചെലവിൽ നൂതന എഐ സിസ്റ്റങ്ങൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നതിനായിട്ടാണ് പുതിയ എഐ മോഡലുകൾ പുറത്തിറക്കിയത്.
ഈ രണ്ട് മോഡലുകളും മികച്ചതാണെന്നും ലാപ്‌ടോപ്പുകൾ പോലുള്ള സാധാരണ ഡിവൈസുകളിൽ പോലും ഉപയോഗിക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു. അതായത് ഇതിന് ഇനി ഇന്‍റർനെറ്റിന്‍റെയോ ക്ലൗഡിന്‍റെയോ ആവശ്യമില്ല. ഓപ്പൺ-വെയ്റ്റ് മോഡൽ എന്നത് ഒരു എഐ മോഡലാണ്. ഇതിൽ പരിശീലനം ലഭിച്ച മോഡൽ വെയ്‌റ്റുകൾ (പാരാമീറ്ററുകൾ) കമ്പനി പരസ്യമായി പുറത്തിറക്കുന്നു.
ഇത് ഡെവലപ്പർമാർ, ഗവേഷകർ ഉൾപ്പെടെയുള്ള ആർക്കും സ്വന്തം ഇൻഫ്രാസ്ട്രക്ചർ അനുസരിച്ച് ഈ മോഡലുകൾ ഡൗൺലോഡ് ചെയ്യാനും പ്രവർത്തിപ്പിക്കാനും പരിഷ്‌ക്കരിക്കാനും ഫൈൻ-ട്യൂൺ ചെയ്യാനും അനുവദിക്കുന്നു. ഒ ജിപിടി-2 വിന് ശേഷം ഓപ്പൺഎഐ ഒരു ഓപ്പൺ-വെയ്റ്റ് മോഡൽ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. ഈ ലോഞ്ച് പുതിയ തരം ഗവേഷണങ്ങൾക്കും പുതിയ തരം ഉൽപ്പന്നങ്ങളുടെ സൃഷ്‍ടിക്കും പ്രാപ്‍തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു എക്സ് പോസ്റ്റിലൂടെ പുതിയ മോഡലുകൾ പ്രഖ്യാപിച്ചുകൊണ്ട് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ പറഞ്ഞു.