ദില്ലിയില്‍ ഓഫീസ് തുറക്കാനൊരുങ്ങി ഓപ്പണ്‍ എഐ

ദില്ലിയില്‍ ഓഫീസ് തുറക്കാനൊരുങ്ങി ഓപ്പണ്‍ എഐ

സാം ആള്‍ട്ട്മാന്‍ നയിക്കുന്ന ബില്യണ്‍ ഡോളര്‍ എഐ സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍ എഐ ഇന്ത്യയിലേക്കെത്തുന്നു. ഈ വര്‍ഷം അവസാനത്തോടെ ദില്ലിയില്‍ പുതിയ ഓഫീസ് തുറക്കുമെന്ന് ലോകത്തെ മുന്‍നിര നിര്‍മിതബുദ്ധി സംരഭമായ ഓപ്പണ്‍ എഐ അറിയിച്ചു. ഇന്ത്യയുടെ എഐ ദൗത്യത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്, ‘ഇന്ത്യക്കായി, ഇന്ത്യക്കൊപ്പം ചേര്‍ന്നുള്ള’ എഐ മിഷനാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിന് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും ഓപ്പണ്‍ എ ഐ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. കമ്പനിയുടെ ആഗോള വികാസത്തിലെ പ്രധാന ചുവടുവെപ്പായാണ് ഇന്ത്യയിലേക്കുള്ള വരവിനെ കാണുന്നതെന്നും അവര്‍ അറിയിച്ചു.

ഓപ്പണ്‍ എ ഐയുടെ രണ്ടാമത്തെ വലിയ വിപണിയും, യുഎസിന് തൊട്ടുപിന്നാലെ അതിവേഗം വളരുന്ന വിപണികളില്‍ ഒന്നുമാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയിലെ ചാറ്റ് ജിപിടി ഉപയോക്താക്കള്‍ നാലിരട്ടിയിലധികം വര്‍ധിച്ചിരുന്നു. ലോകത്ത് ചാറ്റ് ജിപിടി ഉപയോഗിക്കുന്ന ഏറ്റവും വലിയ വിദ്യാര്‍ത്ഥി സമൂഹമുള്ളതും ഇന്ത്യയിലാണ്.

ഓപ്പണ്‍ എ ഐയുടെ ഇന്ത്യയിലേക്കുള്ള വരവില്‍ താന്‍ ആവേശഭരിതനാണ് എന്ന് പറഞ്ഞ സാം ആള്‍ട്ട്മാന്‍, ഇന്ത്യയിലെ പുതിയ ഓഫീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും നിയമനം ആരംഭിച്ചതായും അറിയിക്കുകയും ചെയ്തു. ഓഫീസ് തുറക്കാനുള്ള ഓപ്പണ്‍എഐയുടെ പ്രഖ്യാപനത്തെ കേന്ദ്രവും സ്വാഗതം ചെയ്തിട്ടുണ്ട്.

administrator

Related Articles