ചാറ്റ്ജിപിടി പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടുകളുമായുള്ള സംഭാഷണങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമല്ല. ചാറ്റ്ജിപിടിയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐ അടുത്തിടെ പുറത്തിറക്കിയ ഒരു ബ്ലോഗ് പോസ്റ്റിലൂടെ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സംഭാഷണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അവര്‍.
ഓപ്പണ്‍ എഐയുടെ വെളിപ്പെടുത്തല്‍ പ്രകാരം, ഏതെങ്കിലും ഉപഭോക്താവ് നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതായി സംഭാഷണങ്ങളില്‍ നിന്ന് മനസ്സിലായാല്‍, ആ ചാറ്റുകള്‍ മനുഷ്യരായ റിവ്യൂവര്‍മാര്‍ക്ക് പരിശോധിക്കാന്‍ കൈമാറും. ഈ റിവ്യൂവര്‍മാര്‍ സംഭാഷണത്തിന്റെ ഗൗരവം വിലയിരുത്തുകയും, ആവശ്യമെങ്കില്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളെ വിവരമറിയിക്കുകയും ചെയ്യും. പ്രത്യേകിച്ചും, മറ്റൊരാളെ ദ്രോഹിക്കാന്‍ പദ്ധതിയിടുന്നതുപോലുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ നടപടി സ്വീകരിക്കും.
പല ഉപഭോക്താക്കളും എഐയുമായുള്ള തങ്ങളുടെ സംഭാഷണങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായിരിക്കുമെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ ഓപ്പണ്‍എഐയുടെ ഈ വെളിപ്പെടുത്തല്‍ അത്തരം ധാരണകളെ തകിടം മറിച്ചു. കൂടാതെ, ഉപഭോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ എങ്ങനെയാണ് ചാറ്റ്ജിപിടി തിരിച്ചറിയുന്നതെന്നതിനെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നു. ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഒരു നിരപരാധിയായ വ്യക്തിയുടെ പേരില്‍ മറ്റൊരാള്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചാല്‍, അത് ആ നിരപരാധിക്കെതിരെ പോലീസ് നടപടികള്‍ക്ക് കാരണമായേക്കാം എന്നും അവര്‍ പറയുന്നു.