ചാറ്റ്ജിപിടി ഗോ പ്ലാന്‍ അവതരിപ്പിച്ചു

ചാറ്റ്ജിപിടി ഗോ പ്ലാന്‍ അവതരിപ്പിച്ചു

399 രൂപയുടെ ‘ചാറ്റ്ജിപിടി ഗോ’ പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ഇന്ത്യന്‍ രൂപയില്‍ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. യുപിഐ വഴി പേയ്‌മെന്റ് നടത്താമെന്നതും ചാറ്റ് ജിപിടി പുതുതായി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്ന പ്രത്യേകതകളാണ്. ചാറ്റ്ജിപിടി പ്ലസിനേക്കാള്‍ വിലകുറഞ്ഞ പതിപ്പാണ് ചാറ്റ്ജിപിടി ഗോ എന്ന പുതിയ വേര്‍ഷന്‍. കൂടാതെ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി കുറഞ്ഞ വിലയില്‍ ഏറ്റവും ജനപ്രിയമായ ചില സവിശേഷതകളും ചാറ്റ്ജിപിടി ഗോ അവതരിപ്പിക്കുന്നുണ്ട്. ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ച ചാറ്റ്ജിപിടി ഗോ പ്ലാന്‍ മറ്റ് രാജ്യങ്ങളിലേക്ക് വൈകാതെ വ്യാപിപ്പിക്കാനും ഓപ്പണ്‍ എഐയ്ക്ക് പദ്ധതിയുണ്ട്.
ചാറ്റ്ജിപിടിയുടെ സൗജന്യ വേര്‍ഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍, നിരവധി ആനുകൂല്യങ്ങളാണ് ചാറ്റ്ജിപിടി ഗോ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ വലിയ ഭാഷാ മോഡലായ ജിപിടി5 ലേക്കുള്ള ആക്‌സസ്, ഉയര്‍ന്ന ഇമേജ് ജനറേഷന്‍ പരിധികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ചാറ്റ്ജിപിടി ഗോ ഫീച്ചറുകള്‍

പുത്തന്‍ ചാറ്റ്ജിപിടി ഗോ സബ്‌സ്‌ക്രിപ്ഷന്റെ വരവ് ജനറേറ്റീവ് എഐ ടൂളുകള്‍ എക്‌സ്‌ക്ലുസ്ലീവ് ഉപയോക്താക്കള്‍ക്കപ്പുറം വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും കൂടുതല്‍ ഉപകരപ്രദമാകും. സൗജന്യ പ്ലാനില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനും ഫയലുകള്‍ അപ്‌ലോഡ് ചെയ്യാനും വിശകലനം ചെയ്യാനും സംഗ്രഹിക്കാനുമെല്ലാം ഗോ പ്ലാന്‍ വഴി ചാറ്റ്ജിപിടി ഉപയോക്താക്കള്‍ക്കാകും. സൗജന്യ പ്ലാനിലുണ്ടായിരുന്ന എല്ലാ ഫീച്ചറുകള്‍ക്കും പുറമെ ജിപിടി5 ആക്‌സസ്, ഇമേജ് ജനറേഷന്‍ വിപുലീകരണം, ഫയല്‍ അപ്‌ലോഡിംഗിലെ വര്‍ധനവ്, കസ്റ്റം ജിപിടികളിലേക്കുള്ള ആക്‌സസ് തുടങ്ങി അനേകം സവിശേഷതകള്‍ 399 രൂപ നിരക്ക് വരുന്ന ചാറ്റ്ജിപിടി ഗോയിലുണ്ട്.

1- കൂടുതല്‍ ഫയല്‍ അപ്‌ലോഡുകള്‍: ചാറ്റ്ജിപിടി സൗജന്യമായി ഉപയോഗിക്കുമ്പോള്‍, തിരഞ്ഞെടുത്ത ഫയല്‍ അപ്‌ലോഡുകള്‍ മാത്രമേ ലഭ്യമാകൂ. എന്നാല്‍ ഗോ ഉപയോഗിച്ച്, കൂടുതല്‍ ഫയലുകള്‍ അപ്‌ലോഡ് ചെയ്യാനും വിശകലനം ചെയ്യാനും സ്‌പ്രെഡ്ഷീറ്റുകള്‍ സൃഷ്ടിക്കാനും മറ്റും നിങ്ങള്‍ക്ക് കഴിയും.

2- ദൈര്‍ഘ്യമേറിയ കോണ്‍ടെക്സ്റ്റ് വിന്‍ഡോ: ജിപിടി നിങ്ങള്‍ പറയുന്ന കാര്യങ്ങളെല്ലാം കൂടുതല്‍ നേരം ഓര്‍മിക്കും. ഇതോടെ നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തിഗതമാക്കിയ പ്രതികരണങ്ങള്‍ ലഭിക്കും.

3- നിങ്ങളുടെ ജോലി മികച്ച രീതിയില്‍ നടക്കാനും, പുരോഗതി ട്രാക്ക് ചെയ്യാനും, വ്യക്തിഗതമായ എഐ ഉപകരണങ്ങള്‍ നിര്‍മിക്കാനും കഴിയുന്ന പ്രോജക്റ്റുകള്‍, ടാസ്‌ക്കുകള്‍, ഇഷ്ടാനുസൃത ജിപിടി കള്‍ എന്നിവയും ചാറ്റ്ജിപിടി ഗോ വഴി നിങ്ങള്‍ക്ക് ലഭ്യമാകും.

ചാറ്റ്ജിപിടി ഗോയും പ്ലസും തമ്മിലുള്ള വ്യത്യാസം

വിലയിലെ വ്യത്യാസം തന്നെയാണ് പ്രധാനമായുള്ളത്. വെറും 399 രൂപക്ക് ചാറ്റ്ജിപിടി ഗോ ഇന്ത്യയില്‍ ലഭ്യമാകുമ്പോള്‍ ചാറ്റ്ജിപിടി പ്ലസിന് 1999 രൂപ നല്‍കേണ്ടി വരും. സവിശേഷതകളുടെ കാര്യമെടുക്കുകയാണെങ്കില്‍ ജിപിടി4ഒ പോലുള്ള ലെഗസി ഓപ്പണ്‍ എഐ മോഡലുകളിലേക്ക് ചാറ്റ് ജിപിടി പ്ലസ് ആക്‌സസ് നല്‍കുന്നുണ്ട്. എന്നാല്‍ ഗോയില്‍ ഇത് ലഭ്യമാകില്ല. കമ്പനിയുടെ ടെക്സ്റ്റ് ടു വീഡിയോ എഐ മോഡലായ ഓപ്പണ്‍ എഐ സോറയും ചാറ്റ് ജിപിടി ഗോയില്‍ ലഭ്യമായേക്കില്ല.

administrator

Related Articles