ചാറ്റ്ജിപിടിയില്‍ പരസ്യങ്ങളില്ലെന്ന് വ്യക്തമാക്കി ഓപ്പണ്‍ എഐ

ചാറ്റ്ജിപിടിയില്‍ പരസ്യങ്ങളില്ലെന്ന് വ്യക്തമാക്കി ഓപ്പണ്‍ എഐ

ചാറ്റ്ജിപിടി പ്രീമിയം ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് പരസ്യങ്ങള്‍ പ്രത്യക്ഷപെടുന്നതായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംഭവം വലിയ ചര്‍ച്ചയായതോടെ വിശദീകരണവുമായി ഓപ്പണ്‍ എഐ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രീമിയം ഉപയോക്താക്കള്‍ക്കുള്ള ചാറ്റിനുള്ളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്നും പ്രവര്‍ത്തനം സാധാരണ നിലയില്‍ തന്നെയാണെന്നുമാണ് ഓപ്പണ്‍ എഐ വ്യക്തമാക്കിയിരിക്കുന്നത്.

ചാറ്റ്ജിപിടി ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോള്‍ താഴെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായിട്ടായിരുന്നു ഉപയോക്താക്കളുടെ പരാതി. ഇത് സംബന്ധിച്ച സ്‌ക്രീന്‍ഷോട്ടുകളും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചാറ്റ്ജിപിടി ഇപ്പോള്‍ പരസ്യങ്ങളും പ്രദര്‍ശിപ്പിച്ച് തുടങ്ങിയോ എന്ന തരത്തിലായിരുന്നു ഉപയോക്താക്കള്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്. ഉപയോക്താക്കള്‍ കണ്ടത് പരസ്യമല്ലെന്നും ചാറ്റ്ജിപിടിയില്‍ സംയോജിപ്പിച്ച ടാര്‍ഗെറ്റ് എന്ന ആപ്പാണെന്നും ഓപ്പണ്‍ എഐ അധികൃതര്‍ പറയുന്നു. എന്നാല്‍ ചാറ്റില്‍ ഒരു ബന്ധവും ഇല്ലാത്ത ആപ്പ് പ്രത്യക്ഷപ്പെട്ടതും അത് ഉപയോഗിക്കാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിച്ചതും അടിസ്ഥാനപരമായി പരസ്യം തന്നെയാണെന്നാണ് ഉയരുന്ന മറുവാദം.

സംഭവം വലിയ വാര്‍ത്ത ആയതോടെ ഈ സജഷന്‍ ഇപ്പോള്‍ ഓഫ് ചെയ്തതായി ഓപ്പണ്‍ എഐ ചീഫ് റിസര്‍ച്ച് ഓഫീസര്‍ മാര്‍ക്ക് ചെന്‍ പറഞ്ഞു. ‘സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പരസ്യങ്ങളല്ലെന്നും ഞങ്ങള്‍ പരസ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് മെച്ചപ്പെട്ട രീതിയില്‍ ആയിരിക്കുമെന്നും ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഒന്നും ചെയ്യില്ലെന്നും ചാറ്റ്ജിപിടിയോടുള്ള വിശ്വാസത മാനിക്കുന്ന രീതിയില്‍ മാത്രമായിരിക്കും എന്തും രൂപകല്‍പ്പന ചെയ്യൂ’ എന്ന് ചാറ്റ്ജിപിടി വൈസ് പ്രസിഡന്റ് നിക്ക് ടര്‍ലി പറഞ്ഞു.

administrator

Related Articles