ഹ്യൂമനോയിഡ് റോബോട്ടുകൾ നിർമ്മിക്കാൻ എൻവിഡിയ

ഹ്യൂമനോയിഡ് റോബോട്ടുകൾ നിർമ്മിക്കാൻ എൻവിഡിയ

ആഗോള എഐ ചിപ്പ് ഭീമനായ എൻവിഡിയ, അക്കാദമിക് ഗവേഷകർക്കായി അത്യാധുനിക ഹ്യൂമനോയിഡ് റോബോട്ടുകൾ നിർമ്മിക്കാനുള്ള വൻ പദ്ധതി പ്രഖ്യാപിച്ചു. തായ്‌വാനിൽ നടന്ന കമ്പ്യൂട്ടെക്‌സ് വ്യാപാര പ്രദർശനത്തിൽ സിഇഒ ജെൻസെൻ ഹുവാങ്ങിന്റെ മുഖ്യ പ്രഭാഷണത്തിന് പിന്നാലെയാണ് കമ്പനി ഈ നിർണായക നീക്കം വെളിപ്പെടുത്തിയത്. ഗവേഷണ ആവശ്യങ്ങൾക്കായി ചൈനീസ് കമ്പനിയായ യൂണിട്രീയുടെ ‘H2’ റോബോട്ടിന്റെ ഒരു സ്റ്റാൻഡേർഡ് പതിപ്പ് വികസിപ്പിക്കാൻ എൻവിഡിയ നിലവിൽ സഹകരിക്കുന്നുണ്ട്. ഇതിന് പുറമെ അമേരിക്ക, യൂറോപ്പ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ പ്രമുഖ റോബോട്ട് നിർമ്മാതാക്കളുമായും പങ്കാളിത്തത്തിന് കമ്പനി പദ്ധതിയിടുന്നു.

പുതിയ പദ്ധതി പ്രകാരം നിർമ്മിക്കുന്ന റോബോട്ടിന്റെ ബോഡി യൂണിട്രീയും, കൈകൾ സിംഗപ്പൂർ ആസ്ഥാനമായ ഷാർപ്പയും നിർമ്മിക്കുമ്പോൾ, അതിന്റെ കമ്പ്യൂട്ടിംഗ് തലച്ചോറായി പ്രവർത്തിക്കുക എൻവിഡിയയുടെ ചിപ്പുകളായിരിക്കും. സ്റ്റാൻഫോർഡ് സർവകലാശാല, കാലിഫോർണിയ സർവകലാശാല തുടങ്ങിയ ലോകപ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷകർ ഈ റോബോട്ടുകൾ ഉപയോഗിക്കാൻ ഇതിനകം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, യൂണിട്രീക്ക് ചൈനീസ് സർക്കാരുമായും സൈന്യവുമായും ബന്ധമുണ്ടെന്ന് അമേരിക്കൻ നിയമനിർമ്മാതാക്കൾ ആരോപിക്കുന്ന പശ്ചാത്തലത്തിൽ, ചൈനയ്ക്ക് പുറത്തുള്ള സുരക്ഷിത രാജ്യങ്ങളിലെ റോബോട്ടിക് കമ്പനികളുമായി കൂടുതൽ സഹകരണത്തിന് എൻവിഡിയ മുൻഗണന നൽകുന്നുണ്ട്.

റോബോട്ടുകളുടെ സൈബർ സുരക്ഷ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻവിഡിയ ഈ പദ്ധതിയിലേക്ക് കടന്നിരിക്കുന്നത്. ഇതിനായി എൻവിഡിയയുടെ ഏറ്റവും പുതിയ ‘ബ്ലാക്ക്‌വെൽ’ ചിപ്പുകൾ റോബോട്ട് ബോഡികളുമായി നേരിട്ട് സംയോജിപ്പിക്കും. ഡാറ്റാ സെന്റർ സെർവറുകൾ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ‘സുരക്ഷിത ബൂട്ട്’, ‘കോൺഫിഡൻഷ്യൽ കമ്പ്യൂട്ടിംഗ്’ തുടങ്ങിയ സുരക്ഷാ സാങ്കേതികവിദ്യകൾ ഇതിലൂടെ റോബോട്ടുകളിലും ലഭ്യമാകും. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളുടെ ആധികാരികത ഉറപ്പുവരുത്താനും, അനുവാദമില്ലാതെ സെൻസിറ്റീവ് ഡാറ്റകൾ ചോരുന്നത് തടയാനും, ക്ഷുദ്ര കോഡുകൾ പ്രവർത്തിപ്പിക്കുന്നത് പ്രതിരോധിക്കാനും ഈ പുതിയ സുരക്ഷാ ക്രമീകരണത്തിലൂടെ സാധിക്കുമെന്ന് എൻവിഡിയ എക്സിക്യൂട്ടീവുകൾ വ്യക്തമാക്കി.

administrator

Related Articles