പുതിയ രണ്ട് ട്രാന്‍സലേഷന്‍ ഫീച്ചര്‍ കൂടി ട്രാന്‍സലേറ്റില്‍ അവതരിപ്പിച്ച് ഗൂഗിള്‍. തത്സമയ സംഭാഷണം, ഭാഷാ പഠനം എന്നിവയ്ക്ക് സഹായിക്കുന്നതിന് ജെമിനി മോഡലിന്റെ നൂതനമായ ലോജിക്കല്‍, മള്‍ട്ടിമോഡല്‍ ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ട്രാന്‍സ്‌ലേറ്റ് ആപ്പ്, തത്സമയ സംഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നു. മെച്ചപ്പെട്ട രീതിയില്‍ ശബ്ദങ്ങള്‍ തിരിച്ചറിയുകയും അത് തത്സമയം വിവര്‍ത്തനം ചെയ്യുന്നു. ഭാഷാ പഠനം എളുപ്പമാക്കുന്നതിനായി പരിശീലന സെഷനുകള്‍ നല്‍കാനും പുതിയ ഫീച്ചര്‍ സഹായിക്കും.
ട്രാന്‍സ്‌ലേറ്റ് ആപ്പില്‍ ഇപ്പോള്‍ ഓഡിയോയും ഓണ്‍സ്‌ക്രീന്‍ വിവര്‍ത്തനങ്ങളും ഉപയോഗിച്ച് തത്സമയം സംഭാഷണങ്ങള്‍ നടത്താനാകും. ഹിന്ദി, തമിഴ്, അറബിക്, ഫ്രഞ്ച്, സ്പാനിഷ് ഉള്‍പ്പെടെ 70ലധികം ഭാഷകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.
ഉപയോക്താക്കള്‍ക്ക് തത്സമയ വിവര്‍ത്തനത്തിനായി ആവശ്യമായ രണ്ട് ഭാഷകള്‍ക്കിടയില്‍ എളുപ്പത്തില്‍ മാറാനും സാധിക്കും. ഈ ഫീച്ചര്‍ ഭാഷ മാത്രമല്ല, സംഭാഷണത്തിലെ ഇടവേളകളും ഉച്ചാരണരീതികളും തിരിച്ചറിയുമെന്ന് ഗൂഗിള്‍ പറയുന്നു. ഇത് ഒരു ടാപ്പിലൂടെ സ്വാഭാവികമായ സംഭാഷണം നടത്താന്‍ നിങ്ങളെ സഹായിക്കും. ഇന്ത്യ, യുഎസ്, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ലൈവ് ട്രാന്‍സ്‌ലേറ്റ് ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിലെ പുതിയ ഭാഷാ പരിശീലന ഫീച്ചര്‍ ഉപയോക്താക്കളെ അവരുടെ ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് ഉപയോക്താക്കളുടെ കഴിവുകള്‍ക്കനുസരിച്ച് തത്സമയം സൃഷ്ടിക്കപ്പെടുന്ന ലിസണിംഗ്, സ്പീക്കിംഗ് പ്രാക്ടീസ് സെഷനുകള്‍ നല്‍കുന്നു.
ഈ പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍, ട്രാന്‍സ്‌ലേറ്റ് ആപ്പ് തുറന്ന് ‘practice’ ടാപ്പ് ചെയ്യുക. നിങ്ങള്‍ തിരഞ്ഞെടുത്ത ഭാഷയില്‍ ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സാഹചര്യങ്ങള്‍ ആപ്പ് ചെയ്തുതരുന്നതായിരിക്കും. ഓരോ സാഹചര്യത്തിലും, ഉപയോക്താക്കള്‍ക്ക് സംഭാഷണങ്ങള്‍ കേള്‍ക്കാനും അവര്‍ക്ക് കേള്‍ക്കുന്ന വാക്കുകള്‍ ടാപ്പ് ചെയ്ത് മനസ്സിലാക്കാനും കഴിയും. കൂടാതെ, സംസാരിച്ചും പരിശീലനം നേടാം.