ബിഗ് ഡീല്‍: വാര്‍ണര്‍ ബ്രദേര്‍സിനെ വാങ്ങാനൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്

ബിഗ് ഡീല്‍: വാര്‍ണര്‍ ബ്രദേര്‍സിനെ വാങ്ങാനൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്

ആഗോള തലത്തില്‍ തന്നെ ഏറ്റവും ജനപ്രീതി നേടിയ ഒടിടി പ്ലാറ്റ്‌ഫോമാണ് നെറ്റ്ഫ്‌ലിക്‌സ്. അതുപോലെ തന്നെ ഏറെ പേരും പ്രശസ്തിയുമുള്ള ഒരു സിനിമാ നിര്‍മാണ കമ്പനിയാണ് അമേരിക്കയിലെ വാര്‍ണര്‍ ബ്രദേര്‍സ്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമാണ് പുറത്തുവന്നിരിക്കുന്നത്. അതായത് വാര്‍ണര്‍ ബ്രദേഴ്‌സിനെ ഏറ്റെടുക്കാന്‍ ഒരുങ്ങിരിക്കുന്നു നെറ്റ്ഫ്‌ലിക്‌സ്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ മീഡിയ സെക്ടറില്‍ നടക്കുന്ന വളരെ പ്രധാനപ്പെട്ടതും ഏറെ നിര്‍ണായകവുമായ ഏറ്റെടുക്കലിനാണ് നെറ്റ്ഫ്‌ലിക്‌സ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്. കമ്പനിയുടെ ടെലിവിഷന്‍, ഫിലിം സ്റ്റുഡിയോകളായ എച്ച്ബിഒ, എച്ച്ബിഒ മാക്‌സ് എന്നിവ ഏറ്റെടുക്കുന്നതിനാണ് ധാരണ. കഴിഞ്ഞദവസമാണ് ഇരു കമ്പനികളും ധാരണപത്രത്തില്‍ ഒപ്പുവെച്ചതെന്നാണ് വിവരം.
ഇടപാട് മൂല്യം 82.7 ബില്യണ്‍ ഡോളറാണെന്നും പണവും ഓഹരിയും ചേര്‍ന്നതാണ് കരാര്‍ പ്രകാരമുള്ള കൈമാറ്റം എന്നും വിവരങ്ങളുണ്ട്. ഓഹരി ഒന്നിന് 27.75 ഡോളര്‍ നിരക്കിലാണ് നെറ്റ്ഫ്‌ലിക്‌സ് ഓഹരികള്‍ ഏറ്റെടുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ഒരു പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോ വാങ്ങുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് പരസ്യമായി തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ഒക്ടോബര്‍ 21 നു വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറി അവരുടെ സ്റ്റുഡിയോ വില്‍ക്കുന്നതിനുള്ള ലേലം ആരംഭിച്ചു. കമ്പനിക്ക് പാരാമൗണ്ട് സ്‌കൈഡാന്‍സില്‍ നിന്നും ഓഫര്‍ വന്നെങ്കിലും നിരസിക്കുകയായിരുന്നു. പാരാമൗണ്ട് ഓഹരി ഒന്നിന് 30 ഡോളറിന് ഏറ്റെടുക്കല്‍ നടത്താമെന്ന ഓഫര്‍ നല്‍കിയെങ്കിലും ഇത് സ്വീകരിക്കാന്‍ തയ്യാറായില്ല.ഈ സാഹചര്യത്തിലാണ് നെറ്റ്ഫ്‌ലിക്‌സ് ലേലത്തില്‍ പങ്കെടുക്കുന്നതും വാങ്ങാന്‍ തീരുമാനിക്കുന്നതും.

ഏതായാലും ഈ കരാര്‍ നിലവില്‍ വരുന്നതോടെ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ പക്കലുള്ള ലോകപ്രശസ്ത സിനിമാ, സിരീസ് ടൈറ്റിലുകളൊക്കെയും നെറ്റ്ഫ്‌ലിക്‌സിലൂടെ ലഭ്യമാവും. ഏകദേശം അടുത്ത വര്‍ഷം പകുതിയോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നും വിവരങ്ങളുണ്ട്. അതോടെ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ പ്രശസ്ത സിരീസുകളായ ദി ബിഗ് ബാങ് തിയറി, ദി സൊപ്രാനോസ്, ഗെയിം ഓഫ് ത്രോണ്‍സ്, ഒപ്പം ദി വിസാര്‍ഡ് ഓഫ് ഒസി പോലെയുള്ള സിനിമകള്‍ ഇനി നെറ്റ്ഫ്‌ലിക്‌സിലൂടെ ആരാധകര്‍ക്ക് കാണാനാകും.

കമ്പനിയുടെ സര്‍ഗാത്മകമായ ആഗ്രഹങ്ങളെ ശക്തമാക്കുന്ന ഏറ്റെടുക്കലാണ് ഇതെന്നാണ് നെറ്റ്ഫ്‌ലിക്‌സ് സിഇഒ ടെഡ് സരന്‍ഡോസ് പ്രതികരിച്ചത്. ലോകത്തെ രസിപ്പിക്കുക എന്നതായിരുന്നു എല്ലാക്കാലത്തും ഞങ്ങളുടെ ലക്ഷ്യം. ക്ലാസിക്കുകളായ കാസാബ്ലാങ്കയും സിറ്റിസണ്‍ കെയ്‌നും നവകാല ഫേവറൈറ്റുകളായ ഹാരി പോട്ടറും ഫ്രണ്ട്‌സും അടങ്ങിയ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ വമ്പന്‍ ലൈബ്രറി സ്‌ട്രേഞ്ചര്‍ തിംഗ്‌സും ഡെമോണ്‍ ഹണ്ടേഴ്‌സും സ്‌ക്വിഡ് ഗെയിമും അടക്കമുള്ള ഞങ്ങളുടെ ടൈറ്റിലുകളുമായി ചേരുമ്പോള്‍ ഞങ്ങള്‍ക്ക് അത് കൂടുതല്‍ മികവോടെ സാധിക്കും. പ്രേക്ഷകര്‍ എന്താണോ ആഗ്രഹിക്കുന്നത് അത് കൂടുതല്‍ നല്‍കാനും അടുത്ത നൂറ്റാണ്ടിലെ കഥപറച്ചിലിനെ രൂപപ്പെടുത്താനും ഞങ്ങള്‍ ഒരുമിക്കുന്നതിലൂടെ സാധിക്കുമെന്നും ടെഡ് സരന്‍ഡോസ് പ്രസ്താവനയില്‍ പറഞ്ഞു.

administrator

Related Articles