വമ്പൻ മാറ്റങ്ങള്‍ക്കൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്

വമ്പൻ മാറ്റങ്ങള്‍ക്കൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്

ആഗോള സ്ട്രീമിംഗ് ഭീമന്മാരായ നെറ്റ്ഫ്‌ലിക്‌സ് തങ്ങളുടെ മൊബൈല്‍ ആപ്പില്‍ വന്‍ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങുന്നു. ഇന്‍സ്റ്റാഗ്രാം റീല്‍സിനും ടിക് ടോക്കിനും സമാനമായ രീതിയില്‍ താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്ത് കാണാവുന്ന ‘വെര്‍ട്ടിക്കല്‍ വീഡിയോ ഫീഡ്’ ആണ് പുതിയ പതിപ്പിലെ പ്രധാന ആകര്‍ഷണം. 2026 അവസാനത്തോടെ ഈ മാറ്റം നിലവില്‍ വരും. സിനിമകളുടെയും സീരീസുകളുടെയും ചെറിയ ക്ലിപ്പുകള്‍ വെര്‍ട്ടിക്കല്‍ ഫീഡിലൂടെ കാണുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഉള്ളടക്കം വേഗത്തില്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

വെറുമൊരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം എന്നതിലുപരി ഒരു സോഷ്യല്‍ മീഡിയ അനുഭവം കൂടി നല്‍കാനാണ് നെറ്റ്ഫ്‌ലിക്‌സ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വീഡിയോ പോഡ്കാസ്റ്റ് രംഗത്തേക്കും കമ്പനി ചുവടുവെച്ചു കഴിഞ്ഞു. മൈക്കല്‍ ഇര്‍വിന്‍, പീറ്റ് ഡേവിഡ്‌സണ്‍ തുടങ്ങിയ പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി സ്‌പോട്ടിഫൈ, ഐഹാര്‍ട്ട് മീഡിയ എന്നിവയുമായി സഹകരിച്ചാണ് ഈ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. കേവലം സ്ട്രീമിംഗ് കമ്പനികളോടല്ല, മറിച്ച് വിനോദ മേഖലയിലെ എല്ലാ പ്ലാറ്റ്‌ഫോമുകളോടുമാണ് തങ്ങളുടെ മത്സരമെന്ന് നെറ്റ്ഫ്‌ലിക്‌സ് കോസിഇഒ ടെഡ് സാരണ്ടോസ് വ്യക്തമാക്കി.

സാമ്പത്തിക രംഗത്തും വമ്പന്‍ നീക്കങ്ങളാണ് നെറ്റ്ഫ്‌ലിക്‌സ് നടത്തുന്നത്. പ്രശസ്ത സ്റ്റുഡിയോ ആയ വാര്‍ണര്‍ ബ്രദേഴ്‌സിനെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ ഇതിനോടകം ആരംഭിച്ചു. 2025ല്‍ മാത്രം ഏകദേശം 3.7 ലക്ഷം കോടി രൂപ വരുമാനം നേടിയ കമ്പനിക്ക് നിലവില്‍ 32.5 കോടി വരിക്കാരുണ്ട്. ആളുകളെ കൂടുതല്‍ സമയം ആപ്പില്‍ പിടിച്ചിരുത്തുന്നതിനായി നൂതനമായ സാങ്കേതിക വിദ്യകളും ബിസിനസ് തന്ത്രങ്ങളും ഒരേപോലെ പയറ്റുകയാണ് നെറ്റ്ഫ്‌ലിക്‌സ്.

administrator

Related Articles