പവന് കല്യാണ്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ഉസ്താദ് ഭഗത് സിംഗിന്റെ’ ഡിജിറ്റല്‍ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. തിയറ്റര്‍ റിലീസിന് ശേഷമുള്ള സ്ട്രീമിംഗ് അവകാശമാണ് വന്‍ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് നേടിയത്. ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മിക്കുന്നത്. ശ്രീലീല നായികയാകുന്ന ചിത്രം തമിഴ് ഹിറ്റ് സിനിമ ‘തെരി’യുടെ റീമേക്കാണെന്നും സൂചനയുണ്ട്.
താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ‘ഹരി ഹര വീര മല്ലു’ ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഏകദേശം 117 കോടി രൂപയോളം ആഗോളതലത്തില്‍ ചിത്രം നേടിയെങ്കിലും, സിനിമയുടെ വലിയ ബജറ്റ് പരിഗണിക്കുമ്പോള്‍ ഇത് സാമ്പത്തികമായി ലാഭകരമല്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. നിലവില്‍ ആമസോണ്‍ പ്രൈമിലൂടെയാണ് ഈ ചിത്രം ഒടിടിയില്‍ ലഭ്യമാകുന്നത്.
ഹരി ഹര വീര മല്ലുവിന് തിയറ്ററുകളില്‍ തിരിച്ചടി നേരിട്ടെങ്കിലും പവന് കല്യാണ്‍ ചിത്രങ്ങള്‍ക്ക് ഒടിടി വിപണിയില്‍ ഇപ്പോഴും വന്‍ ഡിമാന്‍ഡുണ്ടെന്നാണ് പുതിയ കരാറുകള്‍ സൂചിപ്പിക്കുന്നത്. എം.എം. കീരവാണി സംഗീതം നല്കിയ വീര മല്ലുവില്‍ നിധി അഗര്‍വാള്‍ ആയിരുന്നു നായിക. പുതിയ ചിത്രമായ ‘ഉസ്താദ് ഭഗത് സിംഗിനെ’ വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.

