മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് നയന്‍താര അഭിനയിച്ച ‘അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം വീണ്ടും ജിയോഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍ 1 മുതല്‍ സിനിമയുടെ ഹിന്ദി പതിപ്പ് ജിയോഹോട്ട്സ്റ്റാറിലൂടെ ലഭ്യമാകും.
ഡിസംബര്‍ ഒന്നിന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഡിസംബര്‍ 29 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്തുവരികയായിരുന്നു. എന്നാല്‍ ചിത്രം ‘ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു’ എന്നാരോപിച്ച് നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് നീക്കം ചെയ്തിരുന്നത്.
ബ്രാഹ്‌മണ കുടുംബത്തില്‍ നിന്ന് വരുന്ന അന്നപൂര്‍ണിയെന്ന പെണ്‍കുട്ടി ഇന്ത്യയുടെ മികച്ച പാചകക്കാരിയായി മാറാന്‍ ആഗ്രഹിക്കുന്നതാണ് സിനിമ. അന്നപൂര്‍ണി മാംസം പാകം ചെയ്യുന്നതും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടൊരു രംഗവും ചിത്രത്തിലുണ്ട്. ഇതാണ് ഒരുവിഭാഗം ആളുകള്‍ ചിത്രത്തിനെതിരെ രംഗത്തെത്താന്‍ കാരണമായത്.

