ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ഇലോണ്‍ മസ്കിന്റെ എഐ സ്റ്റാര്‍ട്ടപ്പായ ഗ്രോക്കിപീഡിയയുടെ വരവ്. നിലവില്‍ ലോകത്തിലെ വിവരങ്ങളുടെ ഏറ്റവും വലിയ ഉറവിടമായ വിക്കിപീഡിയക്ക് ഒരു എഐ അധിഷ്ഠിത ബദല്‍ സൃഷ്ടിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇപ്പോഴിതാ ഗ്രോക്കിപീഡിയയുടെ പ്രാരംഭ ലോഞ്ച് വൈകുമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. എഐ അധിഷ്ഠിതമായിട്ടുള്ള വിജ്ഞാന പ്ലാറ്റ്ഫോമാണ് മസ്ക് വിഭാവനം ചെയ്യുന്ന ഗ്രോക്കിപീഡിയ. ഗ്രോക്കിപീഡിയയുടെ പതിപ്പ് 0.1 പ്രാരംഭ ബീറ്റ രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കുമെന്നായിരുന്നു മുമ്പ് മസ്കിന്റെ പ്രസ്താവന. എന്നാല്‍ ഇപ്പോള്‍ ഗ്രോക്കിപീഡിയ v0.1 ലോഞ്ച് നീട്ടിവയ്ക്കുന്നതായി മസ്ക് വ്യക്തമാക്കി.
മനുഷ്യന്റെ ഇടപെടലില്ലാതെ, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും സംഗ്രഹിച്ച് അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു പ്ലാറ്റ്ഫോമാണ് ഗ്രോക്കിപീഡിയ. വിക്കിപീഡിയയെപ്പോലെ ഉപയോക്താക്കളെ ആശ്രയിക്കാതെ, എഐയുടെ കരുത്തില്‍ വിവരങ്ങള്‍ സ്വയം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. തന്റെ കമ്പനിയായ എക്സ്എഐ വിക്കിപീഡിയക്ക് സമാനമായ ഗ്രോക്കിപീഡിയ എന്ന ഒരു പ്ലാറ്റ്ഫോം നിര്‍മ്മിക്കുകയാണെന്നും എന്നാല്‍ കൂടുതല്‍ മികച്ചതും കൃത്യവുമായ വിവരങ്ങള്‍ അത് നല്‍കുമെന്നും ഇലോണ്‍ മസ്ക് നേരത്തെ അവകാശപ്പെട്ടിരുന്നു. സത്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതും, പക്ഷപാതമോ മറഞ്ഞിരിക്കുന്ന അജണ്ടകളോ ഇല്ലാത്തതുമായ ഒരു വിജ്ഞാന അടിത്തറ സ്ഥാപിക്കുക എന്നതാണ് ഗ്രോക്കിപീഡിയയുടെ പ്രധാന ലക്ഷ്യം എന്നാണ് മസ്ക് അവകാശപ്പെടുന്നത്.

