പുതിയ സുരക്ഷാ ഫീച്ചറുകളുമായി മെറ്റ

പുതിയ സുരക്ഷാ ഫീച്ചറുകളുമായി മെറ്റ

വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ഉപയോക്താക്കള്‍ക്ക് പ്രത്യേകിച്ച് പ്രായമായവരെ സംരക്ഷിക്കുന്നതിനായി മെറ്റ പുതിയ ഫീച്ചര്‍ അവതാരിപ്പിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി, വാട്സ്ആപ്പ്, മെസഞ്ചര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ തങ്ങളുടെ പ്രധാന ആപ്പുകളിലാണ് മെറ്റ വിപുലമായ സുരക്ഷാ സവിശേഷതകള്‍ അവതരിപ്പിച്ചത്. ഓണ്‍ലൈന്‍ തട്ടിപ്പുകാരെ എളുപ്പത്തില്‍ തിരിച്ചറിയാനും അവരെ ഒഴിവാക്കാനും സഹായിക്കുന്ന നൂതനമായ ഫീച്ചറുകളാണ് മെറ്റ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കാനും, സംശയാസ്പദമായ അക്കൗണ്ടുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ശേഷിയുള്ളവയാണ്.

ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെടുന്നത് മുതിര്‍ന്ന പൗരന്മാരാണ്. സാങ്കേതികവിദ്യയുടെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കാനുള്ള പരിമിതി കാരണം ഇവര്‍ പെട്ടെന്ന് കെണികളില്‍ വീഴാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത്, പ്രായമായവര്‍ക്ക് കൂടുതല്‍ ലളിതമായി മനസ്സിലാക്കാവുന്നതും ഉപയോഗിക്കാവുന്നതുമായ സുരക്ഷാ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളുമാണ് പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്സ്ആപ്പിലെ വീഡിയോ കോളില്‍ ഒരു അജ്ഞാത വ്യക്തി നിങ്ങളോട് സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ക്ക് ഇനി മുതല്‍ മുന്നറിയിപ്പ് ലഭിക്കും. തട്ടിപ്പുകാര്‍ പലപ്പോഴും ആളുകളുടെ സ്‌ക്രീനുകള്‍ വാട്സ്ആപ്പില്‍ പങ്കിടാന്‍ ആവശ്യപ്പെടുകയും വിവരങ്ങള്‍ ചോര്‍ത്തി അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയാക്കുകയും ചെയ്യുന്നു. ഇത് തടയാന്‍ പുതിയ ഫീച്ചര്‍ സഹായിക്കും. ഇതിനുപുറമെ, മെസഞ്ചറില്‍ എഐ പവര്‍ഡ് സ്‌കാം ഡിറ്റക്ഷനും മെറ്റ പരീക്ഷിക്കുന്നുണ്ട്. ഇത് സംശയാസ്പദമായ സന്ദേശങ്ങള്‍ തിരിച്ചറിയുകയും ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യും.

administrator

Related Articles