കൗമാരക്കാരായ ഓസ്‌ട്രേലിയക്കാരെ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യാൻ മെറ്റ

കൗമാരക്കാരായ ഓസ്‌ട്രേലിയക്കാരെ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യാൻ മെറ്റ

16 വയസിന് താഴെയുള്ള ഓസ്‌ട്രേലിയക്കാരായ കൗമാരക്കാരെ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യുമെന്ന് മെറ്റ. ഡിസംബര്‍ 4 നാണ് ഇവരെ ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും നീക്കം ചെയ്യുക. കൗമാരക്കാരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലക്കുന്നതിന്റെ ഭാഗമായുള്ള നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നതിന്റെ ഭാഗമായാണിത്.

ഡിസംബര്‍ 10 മുതല്‍ ഓസ്‌ട്രേലിയയില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ 16 വയസിന് താഴെയുള്ള ഉപയോക്താക്കളെ നീക്കം ചെയ്യേണ്ടതായി വരും. അല്ലാത്ത പക്ഷം, ഇവരില്‍ നിന്നും കനത്ത പിഴ ഈടാക്കുവാനാണ് തീരുമാനം.

എന്നാല്‍ നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ കൗമാരക്കാരെ അവരുടെ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ തുടങ്ങുമെന്ന് മെറ്റ അറിയിച്ചു. ഇന്ന് മുതല്‍, 1315 വയസ് പ്രായമുള്ള ഓസ്‌ട്രേലിയന്‍ ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാം, ത്രെഡ്, ഫേസ്ബുക്ക് എന്നിവയിലേക്കുള്ള ആക്‌സസ് നഷ്ടപ്പെടുമെന്ന് വിവരം അറിയിക്കുമെന്നും മെറ്റ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡിസംബര്‍ 4 മുതല്‍ മെറ്റാ പുതിയ അണ്ടര്‍16 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും നിലവിലുള്ള ആക്‌സസ് റദ്ദാക്കാനും തുടങ്ങും. ഡിസംബര്‍ 10ഓടെ അറിയപ്പെടുന്ന എല്ലാ അണ്ടര്‍16 അക്കൗണ്ടുകളും നീക്കം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. 16 വയസ് തികയുമ്പോള്‍ കൗമാരക്കാര്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ അവര്‍ ഉപേക്ഷിച്ച നിലയില്‍ തന്നെ ആക്‌സസ് ചെയ്യാന്‍ കഴിയുമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ ഈ തീരുമാനം തിടുക്കത്തിലുള്ളതാണെന്നുള്ള ആശങ്കയും സോഷ്യല്‍ മീഡിയ കമ്പനികള്‍ പങ്കുവെച്ചിരുന്നു. സുരക്ഷിതവും പ്രായത്തിനനുസരിച്ചുള്ളതുമായ ഓണ്‍ലൈന്‍ അനുഭവങ്ങള്‍ സൃഷ്ടിക്കുക എന്ന ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ പങ്കുചേരുന്നുണ്ടെങ്കിലും പക്ഷേ കൗമാരക്കാരെ അവരുടെ സുഹൃത്തുക്കളില്‍ നിന്നും കമ്മ്യൂണിറ്റികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് പരിഹാരമല്ലെന്നും മെറ്റ അഭിപ്രായപ്പെട്ടിരുന്നു.

administrator

Related Articles