കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ് – ഡിജിറ്റൽ കേബിൾ എക്സിബിഷനായ മെഗാ കേബിള്‍ ഫെസ്റ്റ് നവംബർ 6, 7, 8 തിയ്യതികളില്‍ കൊച്ചിയിൽ നടക്കും. മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഇരുപത്തിമൂന്നാമത് എഡിഷനാണ് കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയം വേദിയാകുന്നത്. അതിവേഗ മാറ്റങ്ങള്‍ സംഭവിക്കുന്ന മാധ്യമ രംഗത്തിന്റെ ഭാവിസൂചകമാവും മെഗാ കേബിള്‍ ഫെസ്റ്റ്. ബ്രോഡ്കാസ്റ്റിംഗ്, ഡിജിറ്റല്‍ കേബിള്‍, ബ്രോഡ്ബാന്റ് മേഖലകളിലെ പുതിയ ടെക്നോളജിയും പ്രൊഡക്ടുകളുമായി നൂറോളം ബ്രാൻറുകൾ എക്സിബിഷനില്‍ അണിനിരക്കും. ഒടിടി,സ്മാര്‍ട് ഹോം,എൻ്റർടൈൻമെൻ്റ്, സെക്യൂരിറ്റി സൊല്യൂഷന്‍ തുടങ്ങിയ ഇന്നൊവേറ്റീവ് സ്മാര്‍ട് സൊല്യൂഷന്‍ പ്രൊഡക്ടുകളുടെ പ്രത്യേക പവലിയനും ഇത്തവണ മെഗാ കേബിൾ ഫെസ്റ്റിലുണ്ടാവും.
നവംബര്‍ 6 വ്യാഴാഴ്ച കാലത്ത് 10.30 ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ മെഗാ കേബിള്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിക്കും. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയാകും. ഏഷ്യാനെറ്റ് ബിസിനസ്സ് ഹെഡ് കിഷന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.ആര്‍. സുധീര്‍, സിഒഎ സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ് എന്നിവര്‍ സംസാരിക്കും.
വൈകിട്ട് 3 മണിക്ക് ‘ഇല്ലാതാകുന്നുവോ, സ്വതന്ത്ര മാധ്യമ പ്രവർത്തനം?’ എന്ന വിഷയത്തില്‍ മാധ്യമ സെമിനാർ നടക്കും. കേരളവിഷൻ ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ എം.എസ്. ബനേഷ് മോഡറേറ്ററാകും. മാതൃഭൂമി ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ രാജീവ് ദേവരാജ്, മനോരമ ന്യൂസ് സീനീയര്‍ ന്യൂസ് എഡിറ്റര്‍ ഷാനി പ്രഭാകരന്‍, ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് എഡിറ്റര്‍ അളകനന്ദ, റിപ്പോര്‍ട്ടര്‍ ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സുജയ പാര്‍വ്വതി, എഴുത്തുകാരി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും.
2025 നവംബര്‍ 7 വെള്ളിയാഴ്ച 11 മണി മുതൽ ഐപിടിവി, ഒടിടി, ബ്രോഡ്ൻ്റ് ബാൻറ്, ഒടിടി, സ്മാർട് സൊല്യൂഷൻ എന്നീ വിഷയങ്ങളിൽ ടെക്നിക്കല്‍ സെമിനാർ നടക്കും.
വൈകിട്ട് 3ന് ഇന്ത്യയിലെ പ്രമുഖ ബ്രോഡ്കാസ്റ്റിംഗ് കമ്പനികളുടെ മേധാവികൾ പങ്കെടുക്കുന്ന ‘ബ്രോഡ്കാസ്റ്റ് ലീഡേർസ് ടോക്ക്’ നടക്കും. ഫ്ലവേർസ് ടിവി & ന്യൂസ് 24 മാനേജിംഗ് ഡയറക്ടർ ആർ. ശ്രീകണ്ഠൻ നായർ മുഖ്യാതിഥിയാവും. ടൈംസ് നെറ്റ് വർക്ക് സീനിയർ വൈസ് പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ ജി. ശങ്കരനാരായണ, ടി.സി.സി.എല്‍ & ന്യൂസ് മലയാളം 24×7 ചെയര്‍മാന്‍ സഖിലന്‍ പത്മനാഭന്‍, കെ.സി.സി.എൽ മാനേജിംഗ് ഡയറക്ടർ പി.പി.സുരേഷ് കുമാർ എന്നിവര്‍ സംസാരിക്കും.
2025 നവംബര്‍ 8 ന് കാലത്ത് 11 മണിക്ക് ‘പ്രാദേശിക ചാനല്‍ നവീകരണം’ എന്ന വിഷയത്തില്‍ ശില്‍പ്പശാല നടക്കും. ന്യൂസ് മലയാളം 24×7 ന്യൂസ് എഡിറ്റര്‍ ടി.എം ഹര്‍ഷന്‍, ദ ക്യൂ എഡിറ്റര്‍ മനീഷ് നാരായണന്‍, സിഒഎ വൈസ് പ്രഡിഡന്റ് എം. രാജ്‌മോഹന്‍ എന്നിവർ ക്ലാസ്സെടുക്കും.

