അറാട്ടൈയ്ക്കും സോഹോ മെയിലിനും പിന്നാലെ ‘മാപ്പ്ള്‍സ്’ എന്ന പുതിയ ഇന്ത്യന്‍ നിര്‍മിത ആപ്പാണിപ്പോള്‍ ടെക്ക് ലോകത്തെ ചര്‍ച്ചാവിഷയം. ഗൂഗിള്‍ മാപ്പിന് എതിരാളിയായി എത്തിയ ഈ ആപ്പിന്റെ പേര് ‘മാപ്പ്ള്‍സ്’ എന്നാണ്. ഇപ്പോള്‍ ‘മാപ്പ്ള്‍സി’ന് പിന്തുണയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മാപ് മൈ ഇന്ത്യ കമ്പനി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ‘മാപ്പ്ള്‍സ്’ ആപ്പ് ഉപയോഗിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സില്‍ വീഡിയോ പങ്കിട്ടു. ഈ ആപ്പിലുള്ളത് മികച്ച ഫീച്ചറുകളാണെന്നും എല്ലാവരും ഉപയോഗിച്ചു നോക്കണമെന്നും പറഞ്ഞുകൊണ്ടാണ് അശ്വിനി വൈഷ്ണവ് വീഡിയോ പങ്കുവെച്ചത്.
3ഡി ജംഗ്ഷന്‍ വ്യൂസ്, റിയല്‍ ടൈം ഡ്രൈവിങ്ങ് അലേര്‍ട്ടുകള്‍, ഡോര്‍ സ്റ്റെപ് നേവിഗേഷന്‍ തുടങ്ങിയ നിരവധി വ്യത്യസ്ത ടൂളുകളാണ് സ്മാര്‍ട്ട് നേവിഗേഷന്‍ ആപ്പായ ‘മാപ്പ്ള്‍സി’ലുള്ളത്. ഉപയോക്താക്കള്‍ക്ക് യാത്രാ ചെലവുകള്‍ മുന്‍കൂട്ടി കണക്കാക്കാനും അപകട സാധ്യതയുള്ള മേഖലകളെയും സ്പീഡ് ബ്രേക്കറുകളെയും കുറിച്ചുള്ള അലേര്‍ട്ടുകള്‍ ലഭിക്കാനും ട്രാഫിക് സിഗ്‌നലുകളെക്കുറിച്ചും സിസിടിവി ക്യാമറ പോയിന്റുകളെക്കുറിച്ചും തത്സമയ അപ്ഡേറ്റുകള്‍ ആക്സസ് ചെയ്യാനും ആപ്പില്‍ സാധിക്കും.
റെയില്‍വേ സംവിധാനങ്ങളില്‍ ആപ്പിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേയും ‘മാപ്പ്ള്‍സും’ തമ്മില്‍ ഒരു കരാര്‍ ഉടന്‍ ഒപ്പുവെക്കുമെന്ന് അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ പ്രധാന മേഖലകളില്‍ തദ്ദേശീയമായ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഇന്ത്യ സ്വദേശി ടെക് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന സമയത്താണ് ഈ പ്രഖ്യാപനം.

