മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍

മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍

മലയാള സിനിമയുടെ അതുല്യ പ്രതിഭയും പ്രേക്ഷകരുടെ പ്രിയങ്കരിയുമായ മഞ്ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍. ആദ്യ വരവിലും നീണ്ടൊരു ഇടവേളയ്ക്ക് ശേഷമുള്ള രണ്ടാം വരവിലും ഒരേ സ്‌നേഹത്തോടെയും ആവേശത്തോടെയുമാണ് മലയാളികള്‍ ഈ അതുല്യ കലാകാരിയെ സ്വീകരിച്ചത്.
മഞ്ജു വാര്യര്‍ 1979 സെപ്റ്റംബര്‍ 10ന് തമിഴ്‌നാട്ടിലെ നാഗര്‍കോവിലിലെ ഒരു മലയാളി കുടുംബത്തിലാണ് ജനിച്ചത്. അച്ഛന്‍ ടി.വി. മാധവന്‍ നാഗര്‍കോവിലിലെ ശക്തി ഫിനാന്‍സില്‍ അക്കൗണ്ടന്റായിരുന്നു. അമ്മ ഗിരിജ. നടനും നിര്‍മ്മാതാവുമായ മധു വാര്യര്‍ ആണ് സഹോദരന്‍.

1995ല്‍ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യര്‍ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ‘സല്ലാപം’ എന്ന ചിത്രത്തിലെ രാധ എന്ന കഥാപാത്രം മഞ്ജുവിനെ മലയാളികളുടെ പ്രിയങ്കരിയാക്കി. പിന്നീട് ‘ഈ പുഴയും കടന്ന്’, ‘തൂവല്‍ക്കൊട്ടാരം’, ‘ആറാം തമ്പുരാന്‍’, ‘കന്മദം’, ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ തുടങ്ങിയ എണ്ണമറ്റ ഹിറ്റ് ചിത്രങ്ങളിലൂടെ മഞ്ജു മലയാള സിനിമയില്‍ വെട്ടിത്തിളങ്ങി. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ അവര്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ പട്ടികയില്‍ തന്റേതായൊരിടം ഉറപ്പിച്ചു.

1998ല്‍ വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മഞ്ജു വാര്യര്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരികെയെത്തിയത്. ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള ആ തിരിച്ചു വരവ് പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. രണ്ടാം വരവില്‍ പഴയതിനേക്കാള്‍ കരുത്തുള്ള കഥാപാത്രങ്ങളായി അവര്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു.

administrator

Related Articles