കൊച്ചി: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തിലുള്ള കേരളവിഷൻ്റെ സംരംഭക കണ്‍വെന്‍ഷന്‍ – വിഷൻ സമ്മിറ്റ് ‘ 25 സെപ്തംബർ 27ന് ആലപ്പുഴ കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കോണ്‍ഗ്രസ് നേതാവും കെ.സി വേണു ഗോപാല്‍ – എംപി കൺ വൻഷൻ ഉദ്ഘാടനം ചെയ്യും. സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ പി.പി. ചിത്തരഞ്ജന്‍, ഒ. സലാം എന്നിവര്‍ മുഖ്യാതിഥികളാകും. കേരളവിഷന്‍ ന്യൂസിന്റെ കുടുംബശ്രീ സൂക്ഷ്മ സംരംഭക അവാര്‍ഡും മെഗാ ഷോയും വൈകുന്നേരം 5 ന് ദേവസ്വം, സഹകരണ വകുപ്പു മന്തി ടി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.
കേരളവിഷന്‍ ഡിജിറ്റല്‍ ടിവി, ബ്രോഡ് ബാന്റ് സര്‍വ്വീസ് എന്നിവയില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന ആധുനിക വല്‍ക്കരണങ്ങളും പുതിയ പദ്ധതികളും കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കും. പ്രൊഫ. സന്തോഷ് കുറുപ്പ് ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ നയിക്കുന്ന ബിസിനസ്, ടെക്‌നിക്കല്‍ പ്രസന്റേഷനുകളും ചടങ്ങില്‍ നടക്കും. സിഒഎ അംഗങ്ങളായ 1500 കേബിള്‍ ടിവി കേബിൾ സംരംഭകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
രണ്ട് ദശകങ്ങളായി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്യത്തില്‍ സമാനതകളില്ലാത്ത സംരംഭക മാതൃകകളാണ് നടപ്പാക്കിവരുന്നത്. പ്രാദേശിക ക്ലസ്റ്ററുകള്‍ മുതല്‍ സംസ്ഥാന തലം വരെ കേബിൾ ഡിസ്ട്രിബൂഷന്‍ കമ്പനികളും, മാധ്യമ സ്ഥാപനങ്ങളും, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊവൈഡര്‍മാരും ഉള്‍പ്പെടെ നൂറുകണക്കിന് സംരംഭക കൂട്ടായ്മകളാണ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ച് മികച്ച നേട്ടം കൈവരിക്കുന്നത്. ഇന്ത്യയില്‍ കേബിള്‍ ടിവി വരിക്കാരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ തുടര്‍ച്ചയായ വളര്‍ച്ച നേടി കൊണ്ടിരിക്കുന്ന രാജ്യത്തെ ഏക സേവന ദാതാവാണ് കേരളവിഷന്‍ ഡിജിറ്റല്‍ ടിവി. ചുരുങ്ങിയ കാലം കൊണ്ട് 13 ലക്ഷത്തോളം വരിക്കാരുമായി ശ്രദ്ധേയമായ വളര്‍ച്ചയാണ് കേരള വിഷന്‍ ബ്രോഡ് ബാന്റ് നേടിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള നാലാമത്തെ സേവന ദാതാവായി കേരളവിഷന്‍ ഡിജിറ്റല്‍ ടിവിയും, ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ പട്ടികയില്‍ ആറാമതായി കേരളവിഷന്‍ ബ്രോഡ്ബാന്റും നിൽക്കുകയാണ്. സഹകരണ പ്രസ്ഥാനങ്ങളുടെ മാതൃകയിൽ നടപ്പാക്കിയ സംരംഭകത്വ മാതൃകയുടെ ഫലമാണ്. ഗ്രാമീണ മേഖലകളിലേക്ക് ഫൈബര്‍ ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്നതില്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സേവനദാതാവും കേരളവിഷൻ ബ്രോഡ്ബാൻറാണ്.
കേരളവിഷൻ മറുനാടുകളിലേക്കും
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളവിഷന്‍ ഡിജിറ്റല്‍, ബ്രോഡ്ബാന്റ് കമ്പനികളുടെ വാര്‍ഷിക വിറ്റുവരവ് ആയിരം കോടി കടന്നിരുന്നു. കേരള വിഷൻ ഇപ്പോൾ തങ്ങളുടെ സേവനങ്ങള്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. ഇന്റഗ്രേറ്റഡ് ബില്‍ഡിങ് മാനേജ്‌മെന്റ് സൊല്യൂഷന്‍, ഭൂഗര്‍ഭ കേബിളുകള്‍, തുടങ്ങിയ പദ്ധതികള്‍ക്കും കേരളവിഷന്‍ തുടക്കം കുറിച്ചു കഴിഞ്ഞു.പുതിയ സേവനങ്ങളുമായി മറ്റ് സംസ്ഥാനങ്ങളിലെ വിപണികളിൽ ശക്തമായ സാന്നിധ്യമാവാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കേരളവിഷൻ.

