കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര കേരളമായി. വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റത്തിന്റെ ഗുണം മുഴുവനാള്‍ക്കും കിട്ടാന്‍ പ്രായോഗിക പരിശീലനം നല്‍കിയാണ് ലക്ഷ്യം കൈവരിച്ചത്. ഇതിന്റെ പ്രഖ്യാപനം ആഗസ്റ്റ് 21 ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനവും കേരളമാണ്. 14 വയസ്സിനു മുകളിലുള്ള ഡിജിറ്റല്‍ നിരക്ഷരരെ സര്‍വേയിലൂടെ കണ്ടെത്തി പ്രത്യകപാഠ്യ പദ്ധതിയിലൂടെയാണ് സാക്ഷരരാക്കിയത്.
സംസ്ഥാന സര്‍ക്കാര്‍ 2022ല്‍ ആരംഭിച്ച ഡിജി കേരളം പദ്ധതിയിലൂടെ 99.98 ശതമാനം പേര്‍ ഡിജിറ്റര്‍ സാക്ഷരത നേടിയതായാണ് കണക്ക്.
സംസ്ഥാനത്ത് ഡിജി കേരളം പദ്ധതിയിലൂടെ ഇത് വരെ 21,88,398 പേര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത പരിശീലനം നല്‍കിയിട്ടുണ്ട്. 21,87,966 പഠിതാക്കള്‍ പരിശീലനം പൂര്‍ത്തിയാക്കി. അതില്‍ 21,87,667 (99.98%) പഠിതാക്കള്‍ മൂല്യനിര്‍ണയത്തില്‍ വിജയം നേടി. 83,45,879 കുടുംബങ്ങളിലായി 1,50,82,536 പേരെ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 14 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള 16,62,784 പഠിതാക്കള്‍ക്കും 90 വയസ്സിന് മുകളില്‍ പ്രായമുള്ള 15,223 പഠിതാക്കള്‍ക്കും പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭ്യമാക്കി.
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്തായി തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയെ മാറ്റിയ ‘ഡിജി പുല്ലമ്പാറ’ പദ്ധതിയുടെ വിജയമാണ് ഡിജി കേരളം പദ്ധതിയ്ക്ക് പ്രചോദനമായത്. 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 1005 സ്ഥാപനങ്ങളിലാണ് ‘ഡിജി കേരളം’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്. ഡിജി കേരളം പദ്ധതിയ്ക്ക് മുമ്പ് തന്നെ 29 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികളിലൂടെ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചിരുന്നു.
സംസ്ഥാനത്ത് വിവരശേഖരണം, പരിശീലനം, അവലോകനം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ഡിജി കേരളം നടപ്പിലാക്കിയത്. ആദ്യ ഘട്ടത്തില്‍ അടിസ്ഥാനമായ ഡിജിറ്റല്‍ അറിവ് ഇല്ലാത്ത വ്യക്തികളെ കണ്ടെത്താന്‍ പ്രാദേശിക തലത്തില്‍ സര്‍വേ നടത്തി. രണ്ടാം ഘട്ടത്തില്‍, സാധാരണക്കാര്‍ക്കും മനസിലാകുന്ന തരത്തിലുള്ള പരിശീലന മൊഡ്യൂളുകളുടെ സഹായത്തോടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം, ഇന്റര്‍നെറ്റ് ബ്രൗസിംഗ്, ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഉപയോഗം എന്നിവയ്ക്കായുള്ള പരിശീലനം നല്‍കി. മൂന്നാം ഘട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പഠിതാക്കളുടെ ഡിജിറ്റല്‍ സാക്ഷരത മൊബൈല്‍ ആപ്പ്, വെബ് പോര്‍ട്ടല്‍ എന്നിവയുടെ സഹായത്തോടെ വിലയിരുത്തി, സര്‍ക്കാര്‍ പോര്‍ട്ടലുകളിലൂടെ സേവനങ്ങള്‍ സ്വീകരിക്കുക, ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുക തുടങ്ങിയവ ചെയ്യാന്‍ കഴിയുന്നവിധം പഠിതാക്കളെ പ്രാപ്തരാക്കി.
ഡിജിറ്റല്‍ സാക്ഷരതയില്ലാത്തവരെ കണ്ടെത്തുന്നതിനായി 2,57,000 വോളന്റിയര്‍മാര്‍ പദ്ധതിയുടെ ഭാഗമായി. കുടുംബശ്രീ, സാക്ഷരതാ മിഷന്‍ പ്രേരക്മാര്‍, എസ്.സി., എസ്.ടി. പ്രൊമോട്ടര്‍മാര്‍, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ളവര്‍, എന്‍ എസ് എസ്, എന്‍ സി സി, എന്‍ വൈ കെ എസ് സന്നദ്ധസേനാ പ്രവര്‍ത്തകര്‍, ലൈബ്രറി കൗണ്‍സില്‍, ഐഇഇഇ, യുവജനക്ഷേമ ബോര്‍ഡ്, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ ഉള്‍പ്പെട്ട ഡിജിറ്റല്‍ സാക്ഷരരായ വോളണ്ടിയര്‍മാരെ ഉപയോഗിച്ചാണ് വിവരശേഖരണവും പരിശീലനവും മൂല്യനിര്‍ണ്ണയവും നടത്തിയത്. https://digikeralam.lsgkerala.gov.in വെബ് പോര്‍ട്ടലും ഡിജികേരളം ആന്‍ഡ്രോയിഡ് ആപ്പും ഡിജി കേരളം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി.

