16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനവുമായി കർണാടക സർക്കാർ. കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിൻ്റെ ഭാഗമായിട്ടാണ് തീരുമാനമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മൊബൈൽ ഫോൺ ഉപയോഗം വർധിക്കുന്നതിന്റെ ഫലങ്ങൾ തടയുന്നതിനായി 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും. വർധിച്ചുവരുന്ന മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന പ്രതികൂല ആഘാതം തടയുക എന്നതാണ് നിരോധനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഐഎസ്‌സിയുടെ കീഴിലുള്ള എഐ ആൻഡ് ടെക് പാർക്ക്, ഐഎസ്ആർഒ, കിയോണിക്‌സ് എന്നിവയുമായി സഹകരിച്ച് ബാംഗ്ലൂർ റോബോട്ടിക്‌സ് ആൻഡ് എഐ ഇന്നൊവേഷൻ സോൺ എന്ന പേരിൽ ഒരു റോബോട്ടിക്‌സ്, എഐ കാമ്പസ് സ്ഥാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന ഫെഡറൽ ഭരണസംവിധാനം പാലിക്കാത്തതിലൂടെ കേന്ദ്രം സംസ്ഥാനത്തോട് അനീതി കാണിക്കുകയാണെന്ന് സിദ്ധരാമയ്യ തന്റെ പതിനേഴാം ബജറ്റ് അവതരിപ്പിച്ചുകൊണ്ട് വിമർശിച്ചു. അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപങ്ങളും ദീർഘകാല സാമ്പത്തിക പരിവർത്തനവും ഉപയോഗിച്ച് ക്ഷേമ പരിപാടികളെ സന്തുലിതമാക്കുന്ന ഒരു വികസന തന്ത്രമാണ് സംസ്ഥാന സർക്കാർ പിന്തുടരുന്നതെന്നും, അതേസമയം സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് കൂടുതൽ സെൻസിറ്റീവ് ആയിരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വികസനത്തിൽ കർണാടക മുൻപന്തിയിൽ തന്നെയാണ്. രാജ്യത്തിന് നികുതി വരുമാനം ഏറ്റവും കൂടുതൽ നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. രാജ്യത്തിന്റെ വികസനത്തിന്റെ എല്ലാ മേഖലകളിലും നമ്മുടെ സംസ്ഥാനം മുൻപന്തിയിലാണ്. ഏറ്റവും കൂടുതൽ നികുതി വരുമാനം സംഭാവന ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങളിൽ ഒന്നാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

