വിനായകന്‍ നായകനായ ‘കളങ്കാവല്‍’ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയ മമ്മൂട്ടിയുടെ പ്രകടനം സിനിമാലോകത്ത് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രമായി അദ്ദേഹം നടത്തിയ പ്രകടനം ആരാധകര്‍ ഏറ്റെടുത്തതോടെ ചിത്രം വിജയകരമായി മുന്നേറുകയാണ്. ഡിസംബര്‍ 5ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം മുതല്‍ മികച്ച അഭിപ്രായമാണ് നേടിയത്. ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ കുതിപ്പാണ് നടത്തുന്നത്. ട്രാക്കിംഗ് സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം, റിലീസ് ചെയ്ത് വെറും നാല് ദിവസത്തിനുള്ളില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം, 11 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഏകദേശം 75.60 കോടി രൂപയാണ് ആഗോളതലത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ വിദേശ വിപണിയില്‍ നിന്ന് മാത്രം 36.75 കോടി രൂപയും കേരളത്തില്‍ നിന്ന് 32.5 കോടി രൂപയും ചിത്രം വാരിക്കൂട്ടി. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രതെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് 2 കോടിയിലധികം രൂപ നേടിയ ചിത്രം മമ്മൂട്ടിയുടെ താരമൂല്യം ഇതര സംസ്ഥാനങ്ങളിലും എത്രത്തോളമുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്.
Tags:
administrator

