സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ്(51) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചോറ്റാനിക്കരയില്‍ എത്തിയതായിരുന്നു നവാസ്.
മലയാളത്തിലെ നിരവധി നടന്മാരെപ്പോലെ മിമിക്രി വേദിയിലൂടെയാണ് നവാസിന്റെയും കലാജീവിതത്തിന്റെ തുടക്കം. 1995 ല്‍ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. മിമിക്രി കലാകാരന്മാരുടെ ജീവിതം പശ്ചാത്തലമാക്കുന്ന മിമിക്‌സ് ആക്ഷന്‍ 500 എന്ന ചിത്രവും അതേ വര്‍ഷം എത്തി. ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, ജൂനിയര്‍ മാന്‍ഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, തില്ലാന തില്ലാന തുടങ്ങിയ ചിത്രങ്ങളിലെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ ആണ് അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. താരസംഘടന അമ്മയുടെ അടുത്തിടെ നടന്ന ജനറല്‍ ബോഡി യോഗത്തിലും നവാസ് സജീവ സാന്നിധ്യമായിരുന്നു. അതിനാല്‍ത്തന്നെ പ്രിയ സഹപ്രവര്‍ത്തകന്റെ ആകസ്മിക നിര്യാണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം.
ചലച്ചിത്രനടനായിരുന്ന അബൂബക്കറാണ് പിതാവ്. നടി രഹ്ന നവാസ് ആണ് നവാസിന്റെ ഭാര്യ. രഹ്ന നവാസും സിനിമാതാരമാണ്. 2002ലായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു. അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന രഹ്ന അടുത്തിടെ കലാഭവന്‍ നവാസ് പ്രധാന വേഷം ചെയ്ത ഇഴ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. നവാസിന്റെ ഭാര്യയായിട്ടാണ് രഹ്ന ഇഴയില്‍ അഭിനയിച്ചത്. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരന്‍. നഹറിന്‍, റിദ്‌വാന്‍, റിഹാന്‍ എന്നിവരാണ് മക്കള്‍. നഹറിന്‍ നവാസും അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. കണ്‍ഫഷന്‍സ് ഓഫ് എ കുക്കു എന്ന ചിത്രത്തിലാണ് നഹറിന്‍ പ്രധാന വേഷത്തിലെത്തിയത്.