സംഗീത ലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ ഗ്രാമി അവാർഡിന്റെ 68-ാമത് പതിപ്പിൽ നിരവധി ചരിത്രനേട്ടങ്ങളാണ് പിറന്നത്. സംഗീത ലോകത്ത് തരംഗമായ ദക്ഷിണ കൊറിയൻ സംഗീത വിഭാഗമായ കെ-പോപ്പ് ആദ്യമായി ഗ്രാമിയിൽ ഒരു പ്രധാന കാറ്റഗറിയിൽ പുരസ്കാരം നേടി എന്നതാണ് അതിലൊന്ന്.
ലോസ് ഏഞ്ചൽസിൽ നടന്ന ഗ്രാമി അവാർഡിൽ, നെറ്റ്ഫ്ലിക്സ് ചിത്രമായ കെ-പോപ്പ് ഡെമോൺ ഹണ്ടേഴ്സിലെ ഗോൾഡൻ ഗ്രാമി പുരസ്കാരം നേടുന്ന ആദ്യത്തെ കെ-പോപ്പ് ഗാനമായി മാറി. വിഷ്വൽ മീഡിയയ്ക്കുള്ള മികച്ച ഗാനത്തിനുള്ള അവാർഡാണ് കെ-പോപ്പ് ഡെമോൺ ഹണ്ടേഴ്സ് നേടിയത്.
ഹണ്ടർ/എക്സ് എന്ന സാങ്കൽപ്പിക ഗ്രൂപ്പ് അവതരിപ്പിച്ച ഈ ട്രാക്ക് സോംഗ് ഓഫ് ദി ഇയർ ആയി നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. ആഗോള വേദിയിൽ കൊറിയൻ പോപ്പ് സംസ്കാരത്തെ ഒരു നാഴികക്കല്ലായി അടയാളപ്പെടുത്താനും ഈ അംഗീകാരത്തിനായി. കെ-പോപ്പിന്റെ സാംസ്കാരികവും വാണിജ്യപരവുമായ വ്യാപ്തിയെയും ഈ വിജയം അടിവരയിടുന്നുണ്ട്.
ലോസ് ഏഞ്ചൽസിലെ പീക്കോക്ക് തിയേറ്ററിലാണ് അവാർഡ് വിതരണം നടന്നത്. ബ്രിട്ടീഷ് കലാകാരന്മാരായ യുങ്ബ്ലഡ്, ദി ക്യൂർ, എഫ്കെഎ ട്വിഗ്സ് എന്നിവർ ചടങ്ങിൽ ആദരിക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ആത്മീയ വെളിച്ചം പകരുന്ന ടിബറ്റൻ ആത്മീയ നേതാവായ ദലൈ ലാമയ്ക്ക് പുരസ്കാരം ലഭിച്ചതും ശ്രദ്ധേയമായി. മികച്ച ഓഡിയോബുക്ക് പുരസ്കാരമാണ് 90കാരനായ ദലൈ ലാമ നേടിയത്. എട്ടു വയസുകാരനായ ഓറ വി മികച്ച കുട്ടികളുടെ ആൽബത്തിനുള്ള പുരസ്കാരം നേടി. ഇതോടെ ഗ്രാമി പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഓറ ചരിത്രം സൃഷ്ടിച്ചു.

