കേരള സർക്കാർ ഇന്റര്‍നെറ്റ് പദ്ധതിയായ കെ ഫോണ്‍ കണക്ഷനുകളുടെ എണ്ണം 2026 മാര്‍ച്ച് അവസാനത്തോടെ മൂന്നുലക്ഷത്തിലെത്തിക്കാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് എത്തിക്കുന്ന പദ്ധതിക്ക് നിലവില്‍ 1.13 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. 23,163 സര്‍ക്കാര്‍ ഓഫീസുകളിലും 73,070 വീടു കളിലും ഇതിനോടകം കണക്ഷന്‍ എത്തിക്കാന്‍ കഴിഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 14,194 വീടുകളിലും കണക്ഷന്‍ ലഭ്യമാക്കി. 3,032 എന്റര്‍പ്രൈസ് കണക്ഷനുകളുമുണ്ട്. 60,353 വാണിജ്യ കണക്ഷനും 2801 സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തിച്ചു. ഒമ്പത് ഡാര്‍ക്ക് ഫൈബര്‍ കണക്ഷനുകള്‍ വാടകയ്ക്കും പ്രത്യേക ഇവന്റുകള്‍ക്കായി 14 കണക്ഷനും ഇതിനകം നല്‍കി. ഒന്നര വര്‍ഷമായി സെക്രട്ടറിയേറ്റിലും ഒരു വര്‍ഷമായി നിയമസഭാ മന്ദിരത്തിലും കെ-ഫോണ്‍ കണക്ഷനാണ് ഉപയോഗിക്കുന്നത്.
ആദ്യഘട്ടത്തില്‍ ചില പ്രയാസങ്ങളുണ്ടായെങ്കിലും ഇപ്പോള്‍ നടപടികള്‍ വേഗത്തിലാണ്. ബിപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള ഡാറ്റാ പരിധിയില്‍ വര്‍ധനവ് വരുത്തി മാസം 1000 ജിബിയാക്കി ഉയര്‍ത്തിയിട്ടുണ്ട. നേരത്തെ 20 എംബിപിഎസ് വേഗതയില്‍ ദിവസം 15 ജിബി വീതമാണ് ലഭ്യമായിരുന്നത്. അതിവിദൂര ആദിവാസി ഉന്നതികളിലടക്കം കണക്ഷന്‍ എത്തിക്കാനായി.
ആദ്യ ഘട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന പട്ടികയില്‍നിന്നാണ് ബിപിഎല്‍ കണക്ഷന്‍ നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നേരിട്ട് കണക്ഷന് അപേക്ഷിക്കാനാകും. 31153 കിലോ മീറ്റര്‍ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ കെ ഫോൺ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഐഎസ്പി ലൈസന്‍സും ഐപി ഇന്‍ഫ്രസ്ട്രക്ചര്‍ ലൈസന്‍സും എന്‍എല്‍ഡി (നാഷണല്‍ ലോഖ് ഡിസ്റ്റന്‍സ്റ്റ്) ലൈസന്‍സും കെ ഫോണിന് സ്വന്തമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 66 കോടി രൂപയായിരുന്നു വരുമാനം. ഇതില്‍ 34 കോടി രൂപ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് കിട്ടാനുണ്ട്. ഏതാണ്ട് 20 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം. നടപ്പു സാമ്പത്തിക വര്‍ഷം 175 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്.