കേബിള്‍ ടെലിവിഷന്‍ വ്യവസായത്തിൽ തൊഴില്‍ നഷ്ടം കൂടുന്നു – സർവ്വെ

കേബിള്‍ ടെലിവിഷന്‍ വ്യവസായത്തിൽ തൊഴില്‍ നഷ്ടം കൂടുന്നു – സർവ്വെ

കേബിള്‍ ടെലിവിഷന്‍ മേഖല വിവിധ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ടുകൾ. അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും അനുഭവപ്പെടുന്നത് തൊഴില്‍ മേഖലയിലാണെന്നാണ് വ്യത്യസ്ത പഠനങ്ങൾ സൂചിപ്പിക്കുന്നു. ഡിജിറ്റൽ കാലത്തെ സാങ്കേതിക വളര്‍ച്ചയും കാഴ്ച്ചാ ശീലങ്ങളുടെ മാറ്റങ്ങളും പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ മുതല്‍ എംഎസ്ഒകൾ വരെയുള്ള തലങ്ങളിലെ തൊഴിലിനെ ബാധിക്കുന്നത് വ്യത്യസ്ത രൂപത്തിലാണ്.

ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്‍ (എഐഡിസിഎഫ്) ഇവൈ ഇന്ത്യയുമായി ചേര്‍ന്ന് കേബിള്‍, ടെലിവിഷന്‍ (പേ-ടിവി) വിതരണ മേഖലയിൽ നടത്തിയ സര്‍വേയില്‍ ഗണ്യമായ തൊഴില്‍ നഷ്ടം വ്യക്തമാക്കുന്നു.

2018-ല്‍ പേ-ടിവി ഉപയോക്താക്കളുടെ എണ്ണം ഏകദേശം 151 ദശലക്ഷമായിരുന്നു. എന്നാലത് 2024 ലെത്തിയപ്പോള്‍ 111 ദശലക്ഷമായി കുറഞ്ഞുവെന്നതാണ് സര്‍വേയില്‍ കണ്ടെത്തിയ ഒരു കാര്യം. ഏകദേശം 40 ദശലക്ഷത്തിന്റെ കുറവ് . സര്‍വേയില്‍ പങ്കെടുത്ത LCO-കളിൽ ഇക്കാലയളവിൽ തൊഴില്‍ 31 ശതമാനം കുറഞ്ഞുവെന്നും കണ്ടെത്തി. പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള തൊഴില്‍ നഷ്ടം മാത്രം 114,000 മുതല്‍ 195,000 വരെയാണെന്നാണ് അനുമാനിക്കുന്നത്. ഏകദേശം 900 MSO-കളുടെയും 72,000 LCO-കളുടെയും അടച്ചുപൂട്ടലുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ 2018-25 കാലയളവില്‍ ഈ മേഖലയില്‍ തൊഴില്‍ നഷ്ടം 5.77 ലക്ഷം ആയി ഉയർന്നുവെന്നും സര്‍വേ സൂചിപ്പിക്കുന്നു.

ഈ തൊഴില്‍ നഷ്ടത്തിനും പേ-ടിവി ഉപയോക്താക്കളുടെ എണ്ണം കുറയുന്നതിന്റെയും കാരണങ്ങള്‍ പലതാണ്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്ന് ഒടിടി പോലെയുള്ള ഡിജിറ്റല്‍ മീഡിയകളുടെ വളര്‍ച്ചയും അതിപ്രസരവുമാണെന്ന് അനുമാനിക്കാം. പരമ്പരാഗത ലീനിയര്‍ പേ-ടിവി സബ്സ്‌ക്രിപ്ഷനുകളില്‍ നിന്ന് ഉപഭോക്താക്കള്‍ കൂടുതലായി ഒടിടി (ഓവര്‍-ദി-ടോപ്പ്) സ്ട്രീമിംഗ് സേവനങ്ങളിലേക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേക്കും മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ പേ-ടിവി ഹോമുകളിലെ ഇടിവിന് പ്രധാന കാരണങ്ങളില്‍ ഒന്ന് ഈയൊരു മാറ്റമാണ്. മറ്റൊന്ന് വര്‍ദ്ധിച്ചുവരുന്ന ചെലവുകളും ചുരുങ്ങി കൊണ്ടിരിക്കുന്ന വരുമാനവുമാണ്. ഇന്ത്യയില്‍ പ്രധാന കേബിള്‍-ഡിടിഎച്ച് ഓപ്പറേറ്റര്‍മാരുടെ വരുമാനം 2019 സാമ്പത്തിക വര്‍ഷം മുതല്‍ 2024 സാമ്പത്തിക വര്‍ഷം വരെ 16 ശതമാനത്തിലധികം കുറഞ്ഞുവെന്നാണ് കണക്കുകള്‍. നിക്ഷേപം, ടെക്നോളജി അപ് ഗ്രഡേഷൻ, സേവന ഗുണനിലവാരം എന്നിവയില്‍ ഇത് വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു.

ഘടനാപരവും നല്ലപരവുമായ വെല്ലുവിളികളാണ് മറ്റൊരു പ്രധാന കാരണമെന്ന് ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്‍ (എഐഡിസിഎഫ്- ഇവൈ ഇന്ത്യയുമായി ചേര്‍ന്ന് നടത്തിയ സര്‍വേ സൂചിപ്പിക്കുന്നു. സൗജന്യമോ കുറഞ്ഞ ചെലവിലുള്ളതോ ആയ ബദലുകള്‍ അഥവാ സര്‍ക്കാര്‍ പിന്തുണയുള്ള ഫ്രീ-ടു-എയര്‍ പ്ലാറ്റ്ഫോമുകള്‍ പേടിവി വിപണിയിലേക്ക് കടന്നുവരുന്നു. ഇത് പേ-ടിവിയെ ക്ഷീണിപ്പിക്കുന്നു.

ഇത്തരം പ്രതിസന്ധികള്‍ ബാധിക്കുന്നത് ആരെ?

കേബിള്‍-ടിവി ആവാസവ്യവസ്ഥയിൽ മുഴുവന്‍ ഈ കാരണങ്ങളാല്‍ തൊഴില്‍ നഷ്ടം വ്യാപിച്ചിരിക്കുന്നുവെന്ന് കാണാം.

1- ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ (LCO-കള്‍): പ്രാദേശിക സബ്സ്‌ക്രൈബര്‍ അടിത്തറ കുറയുകയും സബ്സ്‌ക്രൈബറില്‍ നിന്നുള്ള വരുമാനം കുറയുകയോ നിലക്കുകയോ ചെയ്യുന്നതിനാല്‍ ടെക്‌നീഷ്യന്‍മാര്‍, ഇന്‍സ്റ്റാളര്‍മാര്‍, കസ്റ്റമര്‍-സര്‍വീസ്, ബില്ലിംഗ്, കളക്ഷന്‍, ഫീല്‍ഡ് സ്റ്റാഫ് തുടങ്ങിയവരെ ഇത് വലിയ രീതിയില്‍ ബാധിക്കുന്നു.
2- എംഎസ്ഒകള്‍ (മള്‍ട്ടി-സിസ്റ്റം ഓപ്പറേറ്റര്‍മാര്‍): അഗ്രഗേറ്റര്‍മാര്‍, നിരവധി എല്‍സിഒ-കളെ കൈകാര്യം ചെയ്യുന്ന വലിയ ഓപ്പറേറ്റര്‍മാരെയും ബാധിക്കും.
3- ബ്രോഡ്കാസ്റ്റ്, കണ്ടൻ്റ് മേഖല: ലീനിയര്‍/കേബിള്‍ ചാനല്‍ വ്യൂവര്‍ഷിപ്പ് കുറയുന്നതിനനുസരിച്ച്, പ്രോഗ്രാമിംഗ്, ഷെഡ്യൂളിംഗ്, പ്രവര്‍ത്തനങ്ങള്‍, കാരിയേജ് , മാര്‍ക്കറ്റിംഗ് എന്നീ തലങ്ങളിലെ തൊഴിലുകൾ സമ്മര്‍ദ്ദത്തിലാണ്.

administrator

Related Articles