സൗത്ത് ഇന്ത്യയില്‍ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്സ്റ്റാര്‍

സൗത്ത് ഇന്ത്യയില്‍ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്സ്റ്റാര്‍

പുതിയ പ്രഖ്യാപനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്സ്റ്റാര്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ജിയോ ഹോട്സ്റ്റാര്‍ സൗത്ത് അണ്‍ബൗണ്ട് ചടങ്ങില്‍ ആണ് പുതിയ സീരീസുകള്‍ ഉള്‍പ്പടെ പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്. സൗത്ത് ഇന്ത്യന്‍ കണ്ടന്റുകളെ പ്രൊമോട്ട് ചെയ്യുക എന്ന ഉദ്ദേശത്തില്‍ വലിയ നിക്ഷേപമാണ് ജിയോ ഹോട്സ്റ്റാര്‍ നടത്തുന്നത്. ഹിറ്റ് സീരീസുകളുടെ പുതിയ സീസണുകള്‍ ഉള്‍പ്പടെ 25 ഓളം പുതിയ വെബ് സീരിസുകളും ഷോസും ആണ് ജിയോ ഹോട്ട്സ്റ്റാര്‍ സൗത്ത് ഇന്ത്യയില്‍ മാത്രമായി പ്രഖ്യാപിച്ചത്.

4000 കോടിയാണ് സൗത്ത് ഇന്ത്യന്‍ കണ്ടന്റുകള്‍ക്കായി നിക്ഷേപിച്ചത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി സമ്മതപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ മികച്ച കണ്ടന്റുകള്‍ കണ്ടുപിടിച്ച് പ്രേക്ഷകരിലേക്കെത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

കഴിഞ്ഞദിവസം നടന്ന ജിയോഹോട്ട്സ്റ്റാര്‍ സൗത്ത് അണ്‍ബൗണ്ട് ചടങ്ങില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, നടന്‍ കമല്‍ഹാസന്‍, മോഹന്‍ലാല്‍, വിജയ് സേതുപതി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. വിജയ് സേതുപതി നായകനാകുന്ന കാട്ടാന്‍, മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ അണലി തുടങ്ങിയ സിനിമകളും നിരവധി സിരീസുകളും ഹോട്സ്റ്റാര്‍ പുറത്തിറക്കുന്നുണ്ട്. എല്ലാ പ്രൊജക്ടുകളുടെയും ഗ്ലിംപ്‌സും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

നിവിന്‍ പോളിയുടെ ഫാര്‍മ, കേരള ക്രൈം ഫയല്‍സ് സീസണ്‍ 3, റഹ്മാന്‍ കേന്ദ്ര കഥാപാത്രമായ 1000 ബേബീസ് സീസണ്‍ 2 , ജിത്തു ജോസഫ് അവതരിപ്പിക്കുന്ന റോസ്‌ലിന്‍, മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അണലി എന്നിവയാണ് മലയാളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ സീരിസുകള്‍. തമിഴില്‍ ബാച്ച്‌മേറ്റ്‌സ്, റിസോര്‍ട്ട്, എല്‍.ബി.ഡബ്ല്യൂ, തുടങ്ങിയ സിരീസുകളുടെ ഗ്ലിംപ്‌സ് പുറത്തുവിട്ടിട്ടുണ്ട്. തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള ഹാര്‍ട്ട് ബീറ്റ്‌സിന്റെ മൂന്നാം സീസണും ഹോട്സ്റ്റാറിന്റെ ലൈനപ്പിലുണ്ട്.

ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീര്‍ ആണ് കേരള ക്രൈം ഫയല്‍സ് ഒരുക്കിയത്. ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. കിഷ്‌കിന്ധാ കാണ്ഡം, എക്കോ തുടങ്ങിയ സിനിമകളുടെ രചയിതാവായ ബാഹുല്‍ രമേശ് ആണ് ഈ സീരിസിന്റെ രണ്ടാം സീസണിന്റെ തിരക്കഥ ഒരുക്കിയത്. നജീം കോയ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ സീരീസ് ആണ് 1000 ബേബീസ്. മികച്ച പ്രതികരണമാണ് സീരിസിന് ലഭിച്ചത്. നജീം കോയ, അറൂസ് ഇര്‍ഫാന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതിയ സീരീസില്‍ റഹ്മാന്‍, നീന ഗുപ്ത, സഞ്ജു ശിവറാം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

administrator

Related Articles