ഇന്ന് നിരവധിയാളുകളാണ് വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഈ പുതിയ കാലത്ത് ഏകദേശം എല്ലാ വീടുകളിലും ഓഫീസുകളിലും വൈഫൈ കണക്ഷന്‍ ഉണ്ട്. ദിനംപ്രതി വലിയ അളവില്‍ ഡാറ്റ ഉപയോഗിക്കേണ്ടി വരുമ്പോള്‍ നെറ്റ് വര്‍ക്കിന്റെ സ്പീഡ് കുറയുന്നത് വലിയ പ്രയാസം സൃഷ്ടിക്കും. അതിനാല്‍ പലരും വൈഫൈ റൂട്ടറുകള്‍ വീടുകളിലും സ്ഥാപനങ്ങളിലും വെക്കുന്നതാണ് പതിവ്.
എന്നാല്‍ വൈഫൈ റൂട്ടറുകള്‍ സ്ഥാപിച്ചിട്ടും ഇത്തരത്തിലുള്ള നെറ്റ് വര്‍ക്ക് സ്പീഡും കണക്റ്റിവിറ്റി പ്രശ്നങ്ങളും പലരും നേരിടാറുണ്ട്. പതിവായി വൈഫൈ വേഗത പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അത് വൈഫൈ സെറ്റ് ചെയ്തതിലുള്ള പ്രശ്നമാവാം. വേഗത കൂട്ടാന്‍ വൈഫൈ റൂട്ടര്‍ സെറ്റ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടില്‍ റൂട്ടര്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലം വേഗതയെയും കാര്യക്ഷമതയെയും സ്വാധീനിക്കും. ഇരു നിലയുള്ള വീടിന് ഒരൊറ്റ വയര്‍ലെസ് റൂട്ടര്‍ മതിയാകും. എന്നാല്‍ ഒരു ബഹുനില വീടിന് വൈഫൈ എക്സ്റ്റെന്‍ഡറുകള്‍ ആവശ്യമായി വരും. നെറ്റ്വര്‍ക്കിന്റെ വിതരണം തുല്യമായി ലഭിക്കുന്നതിനായി വീടിന്റെ മധ്യഭാഗത്ത് വൈഫൈ റൂട്ടര്‍ സെറ്റ് ചെയ്യുന്നതാണ് ഏറ്റവും ഗുണം ചെയ്യുക. അല്ലെങ്കില്‍ വീടിന്റെ എല്ലാ സ്ഥലങ്ങളിലും കൃത്യമായി വൈഫൈ ലഭിക്കണമെന്നില്ല. മാത്രമല്ല റൂട്ടര്‍ ഉയരമുള്ള സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നത് സഹായകമാകും.
വീട്ടുപകരണങ്ങള്‍ക്കോ ഫര്‍ണിച്ചറുകള്‍ക്കോ അടുത്ത് റൂട്ടറുകള്‍ സ്ഥാപിക്കരുത്. ടിവികള്‍, റഫ്രിജറേറ്ററുകള്‍, കമ്പ്യൂട്ടര്‍, ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍ പോലുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ നിന്നും അല്പം അകലെ റൂട്ടര്‍ സ്ഥാപിക്കുന്നതാണ് നല്ലത്. സിഗ്നല്‍ ക്ലാഷ് ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇലക്ട്രോണിക് ഡിവൈസുകള്‍ക്ക് അടുത്ത് റൂട്ടര്‍ സ്ഥാപിച്ചാല്‍ വൈഫൈയുടെ വേഗതയെ ഇത് ബാധിക്കും.

