ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് പ്രമുഖ ടെക് ഭീമനായ ഗൂഗിളിന് 403 മില്യൺ യൂറോ (ഏകദേശം 4,300 കോടി രൂപ) പിഴ ചുമത്തി അയർലണ്ടിലെ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ. വെബ് & ആപ്പ് ആക്ടിവിറ്റി, ലൊക്കേഷൻ ഹിസ്റ്ററി, ലൊക്കേഷൻ കൃത്യത തുടങ്ങിയ സേവനങ്ങളിലൂടെ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചതിൽ യൂറോപ്യൻ യൂണിയന്റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ നിഷ്കർഷിക്കുന്ന നിയമപരവും സുതാര്യവുമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആറ് വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ ഈ കടുത്ത നടപടി.
യൂറോപ്യൻ കൺസ്യൂമർ ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള ഉപഭോക്തൃ സംരക്ഷണ സമിതികളുടെ പരാതികളെ തുടർന്നാണ് ഡിപിസി അന്വേഷണം ആരംഭിച്ചത്. 2018 മെയ് 25 നും 2020 ഫെബ്രുവരി 4 നും ഇടയിൽ ഗൂഗിൾ നടത്തിയ ഡാറ്റാ ശേഖരണമാണ് പ്രധാനമായും പരിശോധിച്ചത്. ലൊക്കേഷൻ വിവരങ്ങൾ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് വ്യക്തമാക്കാതിരിക്കൽ, ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കാലം ഡാറ്റ സൂക്ഷിച്ചുവെക്കൽ തുടങ്ങിയവയിലൂടെ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയതായി ഡിപിസി ഡെപ്യൂട്ടി കമ്മീഷണർ ഗ്രഹാം ഡോയൽ വ്യക്തമാക്കി. ജിഡിപിആർ പ്രാബല്യത്തിൽ വന്നതിനു ശേഷം ഐറിഷ് റെഗുലേറ്റർ ചുമത്തുന്ന നാലാമത്തെ വലിയ പിഴയാണിത്

