ഇന്ത്യന്‍ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് വിളിക്കുന്ന എല്ലാവരുടെയും കെവൈസി രജിസ്റ്റര്‍ ചെയ്ത പേര് കാണിക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ സംവിധാനം നടപ്പിലാക്കാന്‍ ആണ് തീരുമാനം. നിലവില്‍ ഹരിയാനയില്‍ മാത്രമാണ് ഇത് സംബന്ധിച്ച ഒരു പരീക്ഷണം നടക്കുന്നത്.
കോളര്‍ നെയിം പ്രസന്റേഷന്‍ (CNAP) എന്നറിയപ്പെടുന്ന ഈ സവിശേഷത റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ പോലുള്ള ടെലികോം ഓപ്പറേറ്റര്‍മാര്‍ ചില കോളുകളെ ‘സംശയിക്കപ്പെടുന്നു’ അല്ലെങ്കില്‍ ‘സംശയാസ്പദമാണ്’ എന്ന് ഫ്‌ലാഗ് ചെയ്യാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ആ വാക്കുകള്‍ക്ക് പകരം കോളര്‍ ഐഡി ഒരു നമ്പര്‍ രജിസ്റ്റര്‍ ചെയ്ത പേര് പ്രദര്‍ശിപ്പിക്കും.
തട്ടിപ്പ്, സ്പാം കോളുകള്‍ എന്നിവയ്‌ക്കെതിരെ പോരാടുന്നതിനുള്ള ഒരു പ്രധാന നടപടിയായി 2022 മുതല്‍ ഈ നീക്കം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കോള്‍ എടുക്കുന്നതിന് മുമ്പ് തന്നെ ആരാണ് വിളിക്കുന്നതെന്ന് സ്‌ക്രീനില്‍ കാണുകയാണ് ചെയ്യുന്നത്. ഖത്തര്‍ പോലെയുള്ള കോളര്‍ നെയിം പ്രസന്റേഷന്‍ CNAP നടപ്പിലാക്കിയ രാജ്യങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമേ അങ്ങനെ ഒരു സൗകര്യം ചെയ്തിരുന്നുള്ളൂ. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍, ഐഡന്റിറ്റി തട്ടിപ്പുകള്‍, ഫോണ്‍വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ തടയാന്‍ CNAP സംവിധാനത്തിന് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് ഉദ്യേഗസ്ഥര്‍ കരുതുന്നത്. കോള്‍ സ്വീകര്‍ത്താക്കളില്‍ നിന്ന് ഒരാളുടെ പേര് മറച്ചുവെക്കുന്നത് മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയ നിയന്ത്രിത ലൈന്‍ സൗകര്യ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ.

