മെറ്റ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം കഴിഞ്ഞ ദിവസം കണ്ടെന്റ് സെര്‍ച്ചിംഗ് സംബന്ധിച്ച് ഒരു സുപ്രധാന പ്രഖ്യാപനം നടത്തി. റീലുകളിലും പോസ്റ്റുകളിലും അനുവദനീയമായ ഹാഷ്ടാഗുകളുടെ എണ്ണം കമ്പനി ഇപ്പോള്‍ പരിമിതപ്പെടുത്തുന്നു. ഹാഷ്ടാഗ് ദുരുപയോഗം തടയുന്നതിനും കൂടുതല്‍ ചിന്താപൂര്‍വ്വം ടാഗുകള്‍ തിരഞ്ഞെടുക്കാന്‍ കണ്ടന്റ് ക്രിയേറ്റേഴ്സിനെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇത് ലക്ഷ്യമിടുന്നത്.
ഉപയോക്താക്കള്‍ക്ക് അവരുടെ പോസ്റ്റുകളിലോ റീലുകളിലോ 30 ഹാഷ്ടാഗുകള്‍ ചേര്‍ക്കുന്ന പഴയ ഫീച്ചര്‍ ഇനി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഇന്‍സ്റ്റഗ്രാം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതലാണ് കമ്പനി പുതിയ നിയമം നടപ്പിലാക്കിയത്. ഇപ്പോള്‍ ഹാഷ്ടാഗ് പരിധി വെറും അഞ്ച് എണ്ണം ആയി കുറച്ചു. 2011 മുതല്‍ ഹാഷ്ടാഗുകള്‍ ഇന്‍സ്റ്റഗ്രാമിന്റെ ഒരു പ്രധാന ഭാഗമാണ്, ഉള്ളടക്കം കണ്ടെത്തുന്നതിന് അത്യാവശ്യമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ നിരവധി ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നതിനുപകരം, കൃത്യവും പരിമിതവുമായ ടാഗുകള്‍ മാത്രം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് മെറ്റാ വിശ്വസിക്കുന്നു.

