റീല്‍സുകള്‍ ലഭ്യമാകുന്ന ടിവി ആപ്പ് പുറത്തിറക്കാന്‍ ഇന്‍സ്റ്റഗ്രാം

റീല്‍സുകള്‍ ലഭ്യമാകുന്ന ടിവി ആപ്പ് പുറത്തിറക്കാന്‍ ഇന്‍സ്റ്റഗ്രാം

ഫോണുകള്‍ക്കും ഐപാഡിനുമുള്ള ആപ്ലിക്കേഷനുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം ഇപ്പോള്‍ ടെലിവിഷനുകളിലേക്കും എത്താന്‍ ഒരുങ്ങുന്നു. റീല്‍സുകളും മറ്റ് ഉള്ളടക്കങ്ങളും ലഭ്യമാകുന്ന ഒരു ടിവി ആപ്പ് പുറത്തിറക്കാന്‍ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ പ്ലാറ്റ്ഫോം പദ്ധതിയിടുന്ന വിവരം ഇന്‍സ്റ്റഗ്രാം മേധാവിയായ ആദം മോസെറിയാണ് വെളിപ്പെടുത്തിയത്.

മാധ്യമങ്ങള്‍ കാണുന്നതിനായി കൂടുതല്‍ ആളുകള്‍ ടിവികളിലേക്ക് മാറുന്ന സാഹചര്യത്തില്‍ ആണ് ഇന്‍സ്റ്റഗ്രാമിന് ഒരു പ്രത്യേക ടിവി ആപ്പ് ആവശ്യമായി വരും എന്ന് മോസെറി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിലവില്‍ ഇന്‍സ്റ്റഗ്രാം ഒരു ടിവി ആപ്പ് പര്യവേക്ഷണം ചെയ്യുകയാണ്. എങ്കിലും ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എല്ലാ പ്രസക്തമായ ഉപകരണങ്ങളിലും ആകര്‍ഷകമായ രീതിയില്‍ തങ്ങള്‍ അവതരിപ്പിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആദം മോസെറി ബ്ലൂംബെര്‍ഗിനോട് പറഞ്ഞു.

വീഡിയോകള്‍ക്ക് പ്രാധാന്യം നല്‍കുന്നതില്‍ ഇന്‍സ്റ്റഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഒരു ഫോട്ടോ ഷെയര്‍ ചെയ്യുന്ന ആപ്പായി ആരംഭിച്ച ഇന്‍സ്റ്റഗ്രാം അടുത്ത കാലത്തായി വീഡിയോകള്‍ക്ക്, പ്രത്യേകിച്ച് റീല്‍സുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നു. 2020-ല്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്ക്‌ടോക്കിന് ബദലായിട്ടാണ് റീല്‍സുകള്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ 3 ബില്യണിലധികം പ്രതിമാസ ഉപയോക്താക്കള്‍ ഇന്‍സ്റ്റാരഗ്രാമിലുണ്ട്.

വീഡിയോകള്‍ക്കായുള്ള പ്രധാന പ്ലാറ്റ്ഫോമാണ് ടിവികള്‍ എന്നതിനാല്‍ ഒരു ടിവി ആപ്പ് വരുന്നത് ഇന്‍സ്റ്റഗ്രാമിന്റെ വളര്‍ച്ചാ സാധ്യതകള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കും. വീഡിയോകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പുറമേ, എഐ സാങ്കേതികവിദ്യയും ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട്. നിലവില്‍ ഹിന്ദി ഉള്‍പ്പെടെ നാല് വ്യത്യസ്ത ഭാഷകളിലേക്ക് റീല്‍സുകള്‍ വിവര്‍ത്തനം ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. ഇത് ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ പ്രേക്ഷകരിലേക്ക് കൂടുതല്‍ എത്താന്‍ അവസരം നല്‍കുന്നു.
ഇന്‍സ്റ്റഗ്രാം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് ഐപാഡിനായി ഒരു പ്രത്യേക ആപ്പ് പുറത്തിറക്കിയത്. പുതിയ ഐപാഡ് ആപ്പ് പോലും റീല്‍ ഫീഡിലാണ് തുറക്കുന്നത്.

administrator

Related Articles