പരസ്പരം സംസാരിക്കുന്ന കാര്യങ്ങള്‍ പലപ്പോഴും നമ്മുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പരസ്യ രൂപത്തില്‍ കാണുന്നുവെന്ന് നമ്മളില്‍ പലര്‍ക്കും തോന്നാറില്ലേ. ഈ തോന്നലിനും സംശയത്തിനും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം മേധാവി. ഉപയോക്താക്കളുടെ സംസാരം മെറ്റ ചോര്‍ത്തുന്നില്ലെന്നും പരസ്യങ്ങള്‍ ടാര്‍ഗെറ്റ് ചെയ്യുന്നതിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു പ്രധാന ആശങ്കയാണ് ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിച്ച് ആപ്പുകള്‍ തങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുണ്ടോ എന്നത്. ഒരു പ്രത്യേക ഉല്‍പ്പന്നത്തെക്കുറിച്ച് സംസാരിച്ച ഉടന്‍ അതിന്റെ പരസ്യം ഫീഡില്‍ വരുന്നതാണ് സംശയത്തിന് കാരണം.
അതേസമയം പരസ്യദാതാക്കള്‍ അവരുടെ വെബ്സൈറ്റ് സന്ദര്ശിക്കുന്നവരെക്കുറിച്ച് നല്കുന്ന ഡാറ്റയാണ് മെറ്റയുടെ പരസ്യം റെക്കമന്റേഷന് സംവിധാനം ആശ്രയിക്കുന്നതെന്നാണ് മൊസേരി വ്യക്തമാക്കിയത്. ഈ ഡാറ്റ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ അനുയോജ്യമായ പരസ്യങ്ങള്‍ നല്കാന് സഹായിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. സമാന പ്രൊഫൈലുകളുള്ള ആളുകളുടെ പെരുമാറ്റവും മുന്‍ഗണനകളും വിശകലനം ചെയ്ത് ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ മുന്‍കൂട്ടി അറിയുന്ന അല്‍ഗോരിതം അടിസ്ഥാനമാക്കിയുള്ള പരസ്യ സാങ്കേതികവിദ്യയും മെറ്റ ഉപയോഗിക്കുന്നുണ്ട്. കാലങ്ങളായി ഉപയോഗിക്കുന്ന സംവിധാനം കമ്പനിക്ക് സ്ഥിരമായി മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങള്‍ പറയുന്നതൊന്നും ഞങ്ങള്‍ കേള്‍ക്കുന്നില്ല. നിങ്ങളുടെ സംഭാഷണം ഒളിഞ്ഞിരുന്നു കേള്‍ക്കാന്‍ ഞങ്ങള്‍ ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്യുന്നത് സ്വകാര്യതയുടെ കടുത്ത ലംഘനമാകും. അത് നിങ്ങളുടെ ഫോണിന്റെ ബാറ്ററി ഉപയോഗിച്ചുതീര്ക്കുമെന്നും അദ്ദേഹം പറയുന്നു. സാങ്കേതികവിദ്യ മാത്രമല്ല ചിലപ്പോള്‍ മനുഷ്യന്റെ മനശാസ്ത്രമോ അല്ലെങ്കില്‍ യാദൃശ്ചികതയോ ശുപാര്‍ശകളുടെ കൃത്യതയെ സ്വാധീനിക്കാമെന്നും മൊസേരി അവകാശപ്പെടുന്നു. എന്തെങ്കിലും ഒരുകാര്യം സംസാരിക്കുന്നതിന് മുമ്പും നിങ്ങള്‍ ഒരുപക്ഷേ ആ പരസ്യം കണ്ടിട്ടുണ്ടാകാം. പക്ഷെ അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. മിക്കവരും വേഗത്തില്‍ സ്ക്രോള്‍ ചെയ്യുന്നു. പരസ്യങ്ങളും വേഗത്തില്‍ സ്ക്രോള്‍ ചെയ്ത് പോകുന്നു. ചിലപ്പോള്‍ അതില്‍ ചിലത് പലരുടെയും ഉള്ളില്‍ പതിയും. അത് പിന്നീട് സംസാരിക്കുന്ന കാര്യങ്ങളെ സ്വാധീനിക്കുകയും ചെയ്യാം. ഇക്കാര്യം എത്രയൊക്കെ വിശദീകരിക്കാന്‍ ശ്രമിച്ചാലും നിങ്ങളില്‍ ചിലര്‍ വിശ്വസിക്കില്ലെന്ന് എനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

