നിര്‍മിത ബുദ്ധിയുടെ അതിവേഗ വളര്‍ച്ച സാങ്കേതികമായി വലിയ കുതിച്ചു ചാട്ടത്തിന് വഴിവയ്ക്കുമ്പോള്‍ തന്നെ അത് മനുഷ്യരുടെ വ്യക്തിത്വത്തിനും സ്വകാര്യതയ്ക്കും ഭീഷണിയുയര്‍ത്തുന്ന കാലമാണിത്. സ്വന്തം വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ഐശ്വര്യ റായ് ബച്ചന്‍, അഭിഷേക് ബച്ചന്‍, കരണ്‍ ജോഹര്‍ തുടങ്ങിയ പ്രമുഖര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇപ്പോള്‍ ഹൃത്വിക് റോഷനും തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സാമ്പത്തികമായ നേട്ടത്തിനായി തന്റെ പേര്, പ്രതിച്ഛായ, സാദൃശ്യം, വ്യക്തിത്വത്തിന്റെ മറ്റ് വശങ്ങള്‍ എന്നിവ മൂന്നാം കക്ഷികള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് നടന്റെ ഹര്‍ജി. ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മന്‍മീത് പ്രീതം സിംഗ് അറോറയാകും ഈ കേസ് പരിഗണിക്കുക.
ഗായകന്‍ കുമാര്‍ സാനുവും തന്റെ വ്യക്തിത്വവും പേര്, ശബ്ദം, വോക്കല്‍ സ്റ്റൈല്‍, ടെക്നിക്സ് തുടങ്ങിയ പരസ്യ അവകാശങ്ങളും സംരക്ഷിക്കാന്‍ നിയമപരമായി നീങ്ങിയിരുന്നു. തന്റെ വ്യക്തിത്വത്തിന്റെ ഇത്തരം വശങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നതില്‍ നിന്ന് സംരക്ഷണം തേടിയായിരുന്നു ഗായകന്റെ ഹര്‍ജി. ഇത് പൊതുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനോ വഞ്ചനയ്‌ക്കോ കാരണമാകുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്നായിരുന്നു സാനുവിന്റെ വാദം.
ഒരാളുടെ പേര്, ചിത്രം, ശബ്ദം, അല്ലെങ്കില്‍ വ്യക്തിത്വവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന എന്തിനും മേലുള്ള അവകാശങ്ങളാണ് വ്യക്തിത്വ അവകാശങ്ങള്‍ എന്ന് അറിയപ്പെടുന്നത്. ഇന്ത്യയില്‍ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വ്യക്തമായ നിയമം നിലവിലില്ല. എന്നാല്‍, യൂട്യൂബ് പ്രധാന എതിര്‍കക്ഷിയായ അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ ഹര്‍ജി പരിഗണിച്ച കോടതി വ്യക്തിത്വ അവകാശ ലംഘനത്താല്‍ താരങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവും, ‘മാന്യതയ്ക്കും സല്‍പ്പേരിനും’ കോട്ടവും വരുത്തുന്നതായി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, അഭിഷേകും ഐശ്വര്യയും പ്രത്യേകമായി നല്‍കിയ 518 വെബ്സൈറ്റ് ലിങ്കുകളും പോസ്റ്റുകളും ഉടന്‍ നീക്കം ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി സെപ്റ്റംബര്‍ ആദ്യം ഉത്തരവിട്ടിരുന്നു.

