കേരളത്തിൽ ആറ് ദിവസം കൊണ്ട് കേരള സ്റ്റോറി എത്ര നേടി

കേരളത്തിൽ ആറ് ദിവസം കൊണ്ട് കേരള സ്റ്റോറി എത്ര നേടി

റിലീസിന് മുൻപേ വൻ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ച ‘കേരള സ്റ്റോറി 2’ ഫെബ്രുവരി 27-ന് തിയറ്ററുകളിൽ എത്തി. ട്രെയിലർ പുറത്തിറങ്ങിയത് മുതൽ ആരംഭിച്ച പ്രതിഷേധങ്ങൾ കോടതി കയറുകയും, കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞ റിലീസ് പിന്നീട് ഡിവിഷൻ ബെഞ്ച് അനുവദിക്കുകയുമായിരുന്നു. ആദ്യ ഭാഗം ഉത്തരേന്ത്യയിൽ വലിയ ചലനമുണ്ടാക്കിയെങ്കിലും, രണ്ടാം ഭാഗത്തിന് സമാനമായ ഒരു തരംഗം സൃഷ്ടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കേരളത്തിലാവട്ടെ, റിലീസ് ചെയ്ത് ആദ്യ ആറ് ദിനങ്ങൾ പിന്നിടുമ്പോൾ വെറും 24 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് നേടാനായതെന്ന് ബോക്സ് ഓഫീസ് ട്രാക്കർമാർ സൂചിപ്പിക്കുന്നു.

ഇന്ത്യയൊട്ടാകെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ചിത്രം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിന്റെ കണക്ക് പ്രകാരം ആറ് ദിവസം കൊണ്ട് 23.75 കോടി രൂപയുടെ ഗ്രോസ് കളക്ഷനും 20.15 കോടി രൂപയുടെ നെറ്റ് കളക്ഷനും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. സുദീപ്തോ സെൻ സംവിധാനം ചെയ്ത ആദ്യ ഭാഗം 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചതിനാൽ, കാമാഖ്യ നാരായൺ സിംഗ് സംവിധാനം ചെയ്ത രണ്ടാം ഭാഗം വലിയ ബജറ്റിലാണ് നിർമ്മാതാവ് ഒരുക്കിയിരിക്കുന്നത്. എങ്കിലും ആദ്യ ഭാഗം നേടിയ റെക്കോർഡ് വിജയത്തിലേക്ക് എത്താൻ രണ്ടാം ഭാഗത്തിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

ചിത്രത്തിലെ ചില രംഗങ്ങൾ വലിയ രീതിയിലുള്ള ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഒരു മുസ്ലീം കുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തിയ ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം മലയാളികൾക്കിടയിൽ കനത്ത പ്രതിഷേധത്തിന് കാരണമായി. ഇത് യഥാർത്ഥ സംഭവത്തിന്റെ ആവിഷ്കാരമാണെന്ന് സംവിധായകൻ അവകാശപ്പെടുമ്പോഴും, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ ചിത്രത്തെ കനത്ത ഭാഷയിൽ വിമർശിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ചിത്രം ഉയർത്തിയ വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്.

administrator

Related Articles