വിവിധ രൂപത്തിലും ഭാവത്തിലുമുള്ള റോബോര്‍ട്ടുകള്‍ ഇന്ന് ലോകത്തുണ്ട്. ഓടുകയും ചാടുകയും ഭക്ഷണം പാകം ചെയ്യുകയും പന്ത്കളിക്കുകയും ചെയ്യുന്ന റോബോര്‍ട്ടുകള്‍ വരെ അക്കൂട്ടത്തിലുണ്ട്. എന്നാല്‍, കൈവ ടെക്‌നോളജി പുതുതായി പ്രഖ്യാപിച്ച റോബോട്ട് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. ഗര്‍ഭിണിയാകാന്‍ കഴിവുള്ള റോബോട്ടിനെ 2026ല്‍ പുറത്തിറക്കുമെന്നാണ് കൈവ ടെക്‌നോളജിയുടെ സ്ഥാപകന്‍ ഡോ. ഷാങ് ക്യുഫെങ് ബെയ്ജിങ്ങില്‍ നടക്കുന്ന ലോക റോബോട്ട് കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചത്.
വാടകഗര്‍ഭപാത്രത്തിന്റെ അര്‍ഥംതന്നെ മാറ്റുന്ന സാങ്കേതികവിദ്യയാകുമത്രേ ഈ റോബോട്ടുകള്‍. യഥാര്‍ഥ ഗര്‍ഭധാരണത്തെ അനുകരിക്കാന്‍ സാധിക്കുന്ന കൃത്രിമ ഗര്‍ഭപാത്രം ഉപയോഗിച്ചാണ് റോബോട്ട് ഗര്‍ഭം ധരിക്കുക. അമ്‌നിയോട്ടിക് ദ്രവമടക്കമുള്ള ഈ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം പൂര്‍ണവളര്‍ച്ച കൈവരിക്കും. ഭ്രൂണത്തിനാവശ്യമായ പോഷകങ്ങള്‍ പ്രത്യേക സംവിധാനംവഴി ഗര്‍ഭാശയത്തിലെത്തും. ഓക്‌സിജന്‍ ലഭ്യതമുതല്‍ താപനില നിയന്ത്രണംവരെ ഭ്രൂണത്തിനാവശ്യമായതെല്ലാം നല്‍കാന്‍ കഴിയുന്ന കൃത്രിമ ഗര്‍ഭപാത്രമാണ് റോബോട്ടിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഡോ. ഷാങ് പറയുന്നു.