ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പ്രമുഖ ആൻഡ്രോയിഡ് AI ആപ്പുകൾ വഴി ഉപയോക്താക്കളുടെ ആരോഗ്യവിവരങ്ങളും സ്വകാര്യ സംഭാഷണങ്ങളും ചോരാൻ സാധ്യതയുണ്ടെന്ന് പുതിയ ഗവേഷണ റിപ്പോർട്ട്. മാനസികാരോഗ്യ സംബന്ധമായ സേവനങ്ങളും AI ചാറ്റ്ബോട്ടുകളും നൽകുന്ന ആയിരക്കണക്കിന് ആപ്പുകൾ സുരക്ഷാ ഭീഷണി നേരിടുന്നതായി ‘ഓവർസെക്യുർഡ്’ എന്ന ഗവേഷണ സ്ഥാപനം വെളിപ്പെടുത്തുന്നു. 1.5 കോടിയിലധികം ഡൗൺലോഡുകളുള്ള ആപ്പുകളെ നിരീക്ഷിച്ചതിൽ നിന്ന് ആയിരത്തിലധികം സുരക്ഷാ പിഴവുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകളുടെ സുരക്ഷാ പരിശോധനകളെ സംബന്ധിച്ച് വീണ്ടും ആശങ്കയുയർത്തുന്നതാണ് ഈ കണ്ടെത്തൽ.
ഹാക്കർമാർക്ക് ഈ സുരക്ഷാ പഴുതുകൾ ഉപയോഗിച്ച് ഉപയോക്താക്കളുടെ ലോഗിൻ വിവരങ്ങൾ മോഷ്ടിക്കാനും സ്വകാര്യ ചാറ്റുകളിലേക്ക് കടന്നുകയറാനും സാധിക്കും. സാധാരണഗതിയിൽ പണം മോഷ്ടിക്കപ്പെടുന്നതിനേക്കാൾ നിസ്സാരമായി പലരും ആരോഗ്യവിവരങ്ങളെ കാണാറുണ്ടെങ്കിലും, AI മോഡലുകളെ പരിശീലിപ്പിക്കാൻ ഡാറ്റ ഒരു ഇന്ധനമായി മാറുന്ന ഈ കാലത്ത് ഇത്തരം ചോർച്ചകൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഭൂരിഭാഗം AI ആപ്പുകളും ഉപയോക്താക്കളിൽ നിന്ന് വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുന്നതിനാൽ, മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

