ഏറെക്കാലത്തിന് ശേഷം ഐക്കോണിക് ‘ജി’ ലോഗോ പരിഷ്കരിച്ച് ഗൂഗിള്‍. കൂടുതല്‍ തിളക്കമുള്ള, ഗ്രേഡിയന്റായ നാലു നിറങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഡിസൈന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏകദേശം 10 വര്‍ഷത്തിന് ശേഷമാണ് ഈ ഐക്കോണിക് ലോഗോയില്‍ ഗൂഗിള്‍ പ്രധാനപ്പെട്ട ഒരു മാറ്റം കൊണ്ടുവരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഗൂഗിളിന്റെ പുതിയ ലോഗോ. ഗൂഗിളിന്റെ എല്ലാ പ്ലാറ്റ്ഫോമുകളിലും ടെക് ഉത്പന്നങ്ങളിലും പുത്തന്‍ ലോഗോയാവും ഇനി പ്രത്യക്ഷപ്പെടുക.
ഗൂഗിളിന്റെ സ്ഥിരം നിറങ്ങളായ ചുവപ്പ്, നീല, പച്ച, മഞ്ഞ എന്നിവതന്നെയാണ് ജി ഐക്കണിലും ഉപയോഗിച്ചിരിക്കുന്നത്. പുത്തന്‍ ലോഗോ മെയ് മാസത്തില്‍ ഗൂഗിള്‍ സെര്‍ച്ചില്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോഴാണ് എല്ലായിടത്തും മാറ്റിയിരിക്കുന്നത്. എഐ യുഗത്തിലെ പരിണാമത്തെയാണ് പുത്തന്‍ ലോഗോ സൂചിപ്പിക്കുന്നതെന്ന് ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു.
ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്, ഗൂഗിള്‍ ഏതാനും ദിവസം മുമ്പാണ് 27 -ാം ജന്മദിനം ആഘോഷിച്ചത്. 1998ല്‍ രൂപകല്‍പ്പന ചെയ്ത ഈ വിന്റേജ് ലോഗോ ഡൂഡിലായി ചേര്‍ത്തുകൊണ്ടായിരുന്നു ആഘോഷം. 90-കളുടെ നൊസ്റ്റാള്‍ജിയകള്‍ക്കൊപ്പം ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് നേട്ടങ്ങളും ഗൂഗിള്‍ ഇരുപത്തിയേഴാം പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് ഷോ-കേസ് ചെയ്തിട്ടുണ്ട്. പുതിയ ‘ഏ’ ലോഗോ പല പ്ലാറ്റ്ഫോമുകളിലും ഇതിനോടകം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. Google Search, Google Home പോലുള്ള ആപ്ലിക്കേഷനുകളിലും, ഐ.ഒ.എസ്., പിക്സല്‍ ഉപകരണങ്ങളിലെ ആപ്പുകളിലും ഇത് ലഭ്യമായി തുടങ്ങി. വരുന്ന മാസങ്ങളില്‍ ഗൂഗിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളിലും, പ്ലാറ്റ്ഫോമുകളിലും ഈ മാറ്റം പൂര്‍ണ്ണമായും കൊണ്ടുവരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
വാടകയ്ക്കെടുത്ത ഒരു ഗാരേജില്‍ നിന്നായിരുന്നു ഗൂഗിളിന്റെ തുടക്കം. ലോകത്ത് ലഭ്യമായ വിവരങ്ങള്‍ സംഘടിപ്പിച്ച് എല്ലാവര്ക്കും നല്കാന് വേണ്ടിയുള്ള പരിശ്രമം. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ പിഎച്ച്ഡി ഗവേഷകരായിരുന്ന ലാരി പേജും സെര്‍ഗെ ബ്രിനും ചേര്‍ന്ന് തുടങ്ങിയ സംരംഭം ഇന്ന് ടെക് ലോകത്തെ ആഗോള ഭീമന്മാരിലൊന്നാണ്.

