ആപ്പിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഹങ്ങൾക്ക് കരുത്തേകാൻ ഗൂഗിൾ കൈകോർക്കുന്നു. സിരിയുടെ പുതിയ എഐ പതിപ്പ് പുറത്തിറക്കുന്നതിനായി ഗൂഗിളിന്റെ സെർവറുകളെയും ക്ലൗഡ് സംവിധാനങ്ങളെയും ആശ്രയിക്കാൻ ആപ്പിൾ തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. സ്വന്തം സെർവറുകളിൽ മാത്രം ഇത്തരം സങ്കീർണ്ണമായ എഐ പ്രക്രിയകൾ പൂർത്തിയാക്കുന്നതിലെ വെല്ലുവിളികൾ കണക്കിലെടുത്താണ് കുപെർട്ടിനോ ഭീമനായ ആപ്പിൾ ഗൂഗിളിന്റെ സഹായം തേടുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ വേഗതയേറിയതും കൃത്യവുമായ എഐ അനുഭവം നൽകാൻ ആപ്പിളിന് സാധിക്കും.
സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വലിയ പ്രാധാന്യം നൽകുന്ന കമ്പനിയായതിനാൽ, ഗൂഗിളിന്റെ നിലവിലുള്ള നെറ്റ്വർക്കിന് പകരം ആപ്പിളിന്റെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രത്യേക സെർവറുകൾ വഴി സിരി പ്രവർത്തിക്കണമെന്നാണ് കമ്പനിയുടെ താല്പര്യം. നിലവിൽ ജെമിനി എഐ സിരിയിൽ ലഭ്യമാക്കുന്നതിനായി വർഷം തോറും വലിയൊരു തുക ആപ്പിൾ ഗൂഗിളിന് നൽകുന്നുണ്ട്. ഈ സഹകരണം ശക്തമാകുന്നതോടെ ഐഫോൺ, മാക് ഉപയോക്താക്കൾക്ക് അത്യാധുനികമായ ‘ആപ്പിൾ ഇന്റലിജൻസ്’ ഫീച്ചറുകൾ കൂടുതൽ കാര്യക്ഷമമായി ലഭ്യമാകും.
ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തന്നെ ഈ പങ്കാളിത്തത്തെക്കുറിച്ച് സൂചനകൾ നൽകിയിട്ടുണ്ട്. ആപ്പിളിന്റെ ഇഷ്ടപ്പെട്ട ക്ലൗഡ് ദാതാവായി പ്രവർത്തിക്കാനും ജെമിനി സാങ്കേതികവിദ്യ അടിസ്ഥാനമാക്കി അടുത്ത തലമുറ ആപ്പിൾ ഫൗണ്ടേഷൻ മോഡലുകൾ വികസിപ്പിക്കാനും ഗൂഗിൾ സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞു. ആപ്പിളിന്റെ സ്വന്തം സാങ്കേതികവിദ്യയും ഗൂഗിളിന്റെ എഐ കരുത്തും ഒന്നിക്കുന്നത് സ്മാർട്ട്ഫോൺ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.

