ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് നിർണ്ണായക മാറ്റങ്ങളുമായി ഗൂഗിൾ ജെമിനി പ്ലാറ്റ്ഫോമിൽ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. ‘തിങ്കിംഗ് ലെവൽസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം ആൻഡ്രോയിഡ്, iOS, വെബ് പതിപ്പുകളിൽ ഘട്ടംഘട്ടമായി ലഭ്യമായിത്തുടങ്ങി. ജെമിനി 3.1 ഫ്ലാഷ്-ലൈറ്റ്, 3.5 ഫ്ലാഷ്, 3.1 പ്രോ തുടങ്ങിയ മോഡലുകളിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ സൗജന്യമായും പെയ്ഡ് ഉപയോക്താക്കൾക്കും ഇത് ലഭ്യമാണ്.
പുതിയ അപ്ഡേറ്റിൽ പ്രധാനമായും രണ്ട് തിങ്കിംഗ് ലെവലുകളാണുള്ളത്. സാധാരണ ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകാൻ ‘സ്റ്റാൻഡേർഡ് തിങ്കിംഗ്’ മോഡ് സഹായിക്കുമ്പോൾ, സങ്കീർണ്ണമായ വിഷയങ്ങൾ ആഴത്തിൽ വിശകലനം ചെയ്യാൻ ‘എക്സ്റ്റെൻഡഡ് തിങ്കിംഗ്’ മോഡ് ഉപയോഗിക്കാം. ഈ മോഡിൽ ജെമിനി കൂടുതൽ സമയം എടുത്ത് കൃത്യവും ഗുണനിലവാരമുള്ളതുമായ ഉത്തരങ്ങൾ നൽകുന്നു. ഇതിനു പുറമെ, എഐ അൾട്രാ സബ്സ്ക്രൈബർമാർക്കായി ജെമിനി 3.1 പ്രോ മോഡലിൽ ഏറ്റവും ശക്തമായ ‘ഡീപ് തിങ്ക്’ ഫീച്ചറും ഗൂഗിൾ ഒരുക്കിയിട്ടുണ്ട്.
ഗൂഗിൾ വൈസ് പ്രസിഡന്റ് ജോഷ് വുഡ്വേഡ് എക്സിലൂടെയാണ് ഈ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഗൂഗിൾ I/O 2026-ൽ അവതരിപ്പിച്ച ജെമിനി 3.5 ഫ്ലാഷ് മോഡൽ ഇപ്പോൾ തന്നെ എല്ലാ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ഈ മാസം അവസാനം പുറത്തിറങ്ങുന്ന ജെമിനി 3.5 പ്രോ പതിപ്പിനൊപ്പം ഈ പുതിയ ‘തിങ്കിംഗ് ലെവൽസ്’ സംവിധാനം കൂടി എത്തുന്നതോടെ, ജെമിനിയുടെ പ്രവർത്തനക്ഷമതയും കൃത്യതയും കൂടുതൽ മെച്ചപ്പെടുമെന്നാണ് ഗൂഗിൾ പ്രതീക്ഷിക്കുന്നത്.

