ഉപയോക്താക്കളെ അടുത്തറിയാന്‍ ഗൂഗിള്‍ ജെമിനയില്‍ പുതിയ ‘പേഴ്‌സണല്‍ ഇന്റലിജന്‍സ്’ ഫീച്ചര്‍ എത്തി

ഉപയോക്താക്കളെ അടുത്തറിയാന്‍ ഗൂഗിള്‍ ജെമിനയില്‍ പുതിയ ‘പേഴ്‌സണല്‍ ഇന്റലിജന്‍സ്’ ഫീച്ചര്‍ എത്തി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പുത്തന്‍ ചുവടുവെപ്പുമായി ഗൂഗിള്‍ ജെമിനൈ. ഉപയോക്താക്കളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ച് ‘പേഴ്‌സണല്‍ ഇന്റലിജന്‍സ്’ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചു. ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങളും ആവശ്യങ്ങളും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും അതനുസരിച്ച് ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയില്‍ (Personalized) പ്രതികരണങ്ങള്‍ നല്‍കാനും ഈ സവിശേഷത ജെമിനൈയെ പ്രാപ്തമാക്കും. സങ്കീര്‍ണ്ണമായ വിവരങ്ങള്‍ വിശകലനം ചെയ്യാനും ഓരോ ഉപയോക്താവിനും കൃത്യമായ മറുപടികള്‍ നല്‍കാനും സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം.

വിവിധ ആപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ സംയോജിപ്പിച്ചാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ഉപയോക്താവ് അനുമതി നല്‍കുകയാണെങ്കില്‍ ഇമെയിലുകള്‍, ഫോട്ടോകള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങളില്‍ നിന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ ജെമിനൈക്ക് സാധിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ മെയിലിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് യാത്രാ പ്ലാനുകളോ മറ്റ് പ്രധാനപ്പെട്ട ഓര്‍മ്മപ്പെടുത്തലുകളോ ബുദ്ധിപരമായ രീതിയില്‍ നല്‍കാന്‍ പേഴ്‌സണല്‍ ഇന്റലിജന്‍സിനാകും. വ്യക്തിഗത വിവരങ്ങളെ വൈവിധ്യമാര്‍ന്ന വിവരങ്ങളുമായി കൂട്ടിയിണക്കി കൂടുതല്‍ കൃത്യതയോടെ മറുപടി നല്‍കുന്ന രീതിയാണിതെന്ന് സുന്ദര്‍ പിച്ചൈ വിശദീകരിച്ചു.

പുതിയ ഫീച്ചര്‍ അവതരിപ്പിക്കുമ്പോഴും ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഗൂഗിള്‍ പരമപ്രധാനമായ പരിഗണനയാണ് നല്‍കിയിരിക്കുന്നത്. ഏതൊക്കെ ആപ്പുകള്‍ ജെമിനൈയുമായി കണക്റ്റ് ചെയ്യണമെന്ന് ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണമായും തീരുമാനിക്കാം. ഡിഫോള്‍ട്ടായി എല്ലാ ആപ്പ് കണക്ഷനുകളും ഓഫായിരിക്കും. ഉപയോക്താവിന്റെ വ്യക്തമായ അനുമതിയില്ലാതെ യാതൊരുവിധ ഡാറ്റയും ജെമിനൈ പങ്കിടില്ല എന്നത് സുരക്ഷാ കാര്യത്തില്‍ വലിയ ഉറപ്പ് നല്‍കുന്നു. ചുരുക്കത്തില്‍, വിവരങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം ഉപയോക്താവിന്റെ കൈകളില്‍ തന്നെയായിരിക്കും.

administrator

Related Articles