അജിത്ത് കുമാറിന്റെ ആക്ഷന്‍ കോമഡി ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് നീക്കം ചെയ്തു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഈ നീക്കം ചെയ്യല്‍. റിലീസ് ചെയ്ത് നാല് മാസങ്ങള്‍ക്കിപ്പുറമാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് നീക്കം ചെയ്തത്.
സംഗീത സംവിധായകന്‍ ഇളയരാജയുടെ മൂന്ന് ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് നിര്‍മാതാക്കള്‍ക്കെതിരെ കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സ് നീക്കം ചെയ്തത്. തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ സിനിമയില്‍ ഉപയോഗിച്ചതിന് ഇളയരാജ നിര്‍മാതാക്കള്‍ക്കെതിരെ കേസ് കൊടുത്തിരുന്നു.
ഏപ്രിലില്‍, ഇളയരാജ ‘ഗുഡ് ബാഡ് അഗ്ലി’യുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് നോട്ടീസ് അയച്ചിരുന്നു. ചിത്രത്തില്‍ തന്റെ മൂന്ന് ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ‘ഒത്ത റൂബ തരേന്‍’, ‘എന്‍ ജോഡി മഞ്ച കുരുവി’, ‘ഇളമൈ ഇതോ ഇതോ’ എന്നീ ഗാനങ്ങള്‍ നീക്കം ചെയ്യണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടു.
നിയമപരമായ നടപടികള്‍ക്കിടയിലും ‘ഗുഡ് ബാഡ് അഗ്ലി’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയും ലോകമെമ്പാടും 248 കോടി നേടുകയും ചെയ്തു. മെയ് 8നാണ് നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം റിലീസ് ചെയ്തിരുന്നു.

