ജെമിനി എത്താന്‍ വൈകും; ഗൂഗിള്‍ അസിസ്റ്റന്റ് തുടരും

ജെമിനി എത്താന്‍ വൈകും; ഗൂഗിള്‍ അസിസ്റ്റന്റ് തുടരും

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ അസിസ്റ്റന്റിന് പകരം ജെമിനിയെ പൂര്‍ണ്ണമായി കൊണ്ടുവരാനുള്ള പദ്ധതി ഗൂഗിള്‍ വൈകിപ്പിച്ചതായി റിപ്പോര്‍ട്ട്. ആദ്യം 2025ല്‍ ഈ മാറ്റം നടപ്പാക്കാനായിരുന്നു ലക്ഷ്യം, എന്നാല്‍ ഇപ്പോള്‍ 2026ലായിരിക്കും ആന്‍ഡ്രോയ്ഡില്‍ ജെമിനി ഡിഫോള്‍ട്ട് അസിസ്റ്റന്റായി മാറുകയെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നിലവിലെ ഗൂഗിള്‍ അസിസ്റ്റന്റ് കുറച്ചുകാലം കൂടി ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാം.

ഈ വര്‍ഷം ആദ്യം തന്നെ, സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്ന രീതി തന്നെ മാറ്റുന്ന തരത്തിലുള്ള എഐ പദ്ധതികളാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്. കമാന്‍ഡ്അധിഷ്ഠിത വോയ്‌സ് അസിസ്റ്റന്റിന് പകരം കൂടുതല്‍ ബുദ്ധിപരവും ആഴത്തില്‍ മനസ്സിലാക്കാനും കഴിവുള്ള എഐ സംവിധാനമായ ജെമിനിയെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. മാര്‍ച്ചിലെ പ്രഖ്യാപനങ്ങളില്‍, പുതിയ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിന്ന് ഗൂഗിള്‍ അസിസ്റ്റന്റ് പൂര്‍ണ്ണമായി ഒഴിവാക്കി ജെമിനി കൊണ്ടുവരുമെന്ന സൂചനയും ഉണ്ടായിരുന്നു. ജെമിനി ലൈവ് പോലുള്ള സവിശേഷതകളും സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനുള്ള കഴിവും ഇതിനെ പഴയ അസിസ്റ്റന്റിനേക്കാള്‍ മികവ് നല്‍കുമെന്നാണ് വിലയിരുത്തലുകള്‍.

വെയര്‍ ഒഎസ്, ആന്‍ഡ്രോയ്ഡ് ഓട്ടോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ജെമിനിയെ ശക്തമായി കൊണ്ടുവരാന്‍ ഗൂഗിള്‍ ശ്രമിച്ചിരുന്നെങ്കിലും, ഉപയോക്താക്കള്‍ക്ക് മാറ്റം പൂര്‍ണ്ണമായും സുഗമമാക്കുന്നതിനാണ് കമ്പനി ഇപ്പോള്‍ കൂടുതല്‍ മുന്‍ഗണന നല്‍കുകയാണ്. സാങ്കേതിക തകരാറുകളോ ഉപയോക്തൃ അനുഭവത്തില്‍ പ്രശ്‌നങ്ങളോ ഉണ്ടാകാതിരിക്കാനാണ് ഈ ജാഗ്രത. അതിനാലാണ് ജെമിനിയിലേക്കുള്ള മാറ്റം 2026 വരെ നീട്ടിയതെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. ഇതിനനുസരിച്ച് കമ്പനി തങ്ങളുടെ സപ്പോര്‍ട്ട് പേജുകളും പുതുക്കിയിട്ടുണ്ട്.

administrator

Related Articles