നെറ്റ്ഫ്ലിക്സില്‍ നിന്ന് 2025 അവസാനിക്കുന്നതോടെ നിരവധി ജനപ്രിയ സീരീസുകളും സിനിമകളും അപ്രത്യക്ഷമാകാന്‍ ഒരുങ്ങുകയാണ്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുള്ള ‘ഫ്രണ്ട്സ്’ (Friends) എന്ന വിഖ്യാത സിറ്റ്കോം അതില്‍ ഒന്നാണ്. ഇത് ഡിസംബര്‍ 30ഓടെ നെറ്റ്ഫ്ലിക്സിനോട് വിടപറയുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ഇതിന്റെ സ്ട്രീമിംഗ് അവസാനിപ്പിക്കും.
ലിസ കുഡ്രോവ്, ഡേവിഡ് ഷ്വിമ്മര്‍, ജെന്നിഫര്‍ ആനിസ്റ്റണ്‍ തുടങ്ങിയവര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ‘ഫ്രണ്ട്സ്’ 1994 മുതല്‍ 2004 വരെ എന്ബിസിയിലൂടെയാണ് പുറത്തിറങ്ങിയതെങ്കിലും നിരവധിപ്പേരാണ് ഇന്നും ഈ സീരിസ് കണ്ടുകൊണ്ടിരിക്കുന്നത്. 2020ല്‍ സ്ട്രീമിംഗ് അവകാശം എച്ച്ബിഒ മാക്സ് (HBO Max) സ്വന്തമാക്കിയതിനെത്തുടര്‍ന്ന് യുഎസില്‍ ഇത് നെറ്റ്ഫ്ലിക്സില്‍ നിന്ന് നീക്കം ചെയ്തിരുന്നു. സമാനമായ കാരണങ്ങളാല്‍ ഇപ്പോള്‍ ഇന്ത്യയിലും യുകെയിലും സ്ട്രീമിംഗ് നിര്‍ത്തലാക്കുകയാണ്.
‘ഫ്രണ്ട്സിനൊപ്പം’ തന്നെ മറ്റൊരു സൂപ്പര്‍ഹിറ്റ് സീരീസായ ‘ദ ബിഗ് ബാങ് തിയറിയും’ (The Big Bang Theory) ഡിസംബര്‍ 30ന് നെറ്റ്ഫ്ലിക്സില്‍ നിന്ന് നീക്കം ചെയ്യും. ബോളിവുഡ് പ്രേമികള്‍ക്ക് നിരാശ നല്‍കിക്കൊണ്ട് ‘ദില്‍ ചാഹ്താ ഹേ’, ‘ദില്‍ ദഡക്നേ ദോ’, ‘ലക്ഷ്യ’, ‘റോക്ക് ഓണ്‍’ തുടങ്ങിയ സിനിമകള്‍ ഡിസംബര്‍ 28ഓടെ സ്ട്രീമിംഗ് അവസാനിപ്പിക്കും.

