ഇലോണ്‍ മസ്‌കിന്റെ സംരംഭമായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ ഉപഗ്രഹ ഇൻ്റർനെറ്റ് സേവനം ആരംഭിക്കാനുള്ള ലൈസന്‍സ് ലഭിച്ചു. ഇതോടൊപ്പം സ്‌പെക്ട്രം വിക്ഷേപണം സുഗമമായി നടപ്പാക്കുന്നതിനായി മാനദണ്ഡങ്ങള്‍ തയ്യാറാണെന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിന് സ്റ്റാര്‍ലിങ്കിന് ഏകീകൃത ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും സേവനം ആരംഭിക്കുന്നതില്‍ ഒരു തടസവുമില്ലാത്തവിധം സ്‌പെക്ട്രം അനുവദിക്കാനും ഗേറ്റ്‌വേ നിര്‍മ്മാണത്തിനുമായി നയങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും സിന്ധ്യ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി. 1995ല്‍ രാജ്യത്ത് ആദ്യമായി സെല്ലുലാര്‍ കോള്‍ നടത്തിയതിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഈ പ്രഖ്യാപനം.
ഉപഗ്രഹത്തില്‍ നിന്നുള്ള ഡാറ്റ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും ഇന്ത്യയുടെ ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചറുമായി ബന്ധിപ്പിക്കുന്നതിനും സ്റ്റാര്‍ലിങ്കിന് ഗേറ്റ്‌വേ ആവശ്യമായി വരും. ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള യൂട്ടെല്‍സാറ്റ് വണ്‍വെബും ജിയോ എസ്ഇഎസും ഉപഗ്രഹ അധിഷ്ഠിത ആശയവിനിമയ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള സ്‌പെക്ട്രം അനുവദിക്കാനായി കാത്തിരിക്കുകയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ജൂലൈയില്‍ തന്നെ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (DoT) സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനിക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. 2021ല്‍ ആണ് സ്റ്റാര്‍ലിങ്ക് അനുമതികള്‍ക്കായി ഇന്ത്യയില്‍ അപേക്ഷിച്ചത്. എങ്കിലും, സ്‌പെക്ട്രം അനുവദിക്കുന്നതിലും അംഗീകാരങ്ങളിലും കാലതാമസം നേരിട്ടു. കേന്ദ്ര സര്‍ക്കാരുമായി മാസങ്ങളായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ അനുമതി ലഭിച്ചത്. അതേസമയം, സ്റ്റാര്‍ലിങ്കിനൊപ്പം ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള യൂട്ടെല്‍സാറ്റ് വണ്‍വെബും ജിയോ എസ്ഇഎസും അവരുടെ സാറ്റ്‌കോം സേവനങ്ങള്‍ പുറത്തിറക്കുന്നതിനുള്ള സ്‌പെക്ട്രം അലോക്കേഷനായി കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ ഭാരതി ഗ്രൂപ്പ് പിന്തുണയുള്ള യൂട്ടെല്‍സാറ്റ് വണ്‍വെബ്, റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് എസ്ഇഎസ് സംയുക്ത സംരംഭം എന്നിവയുമായി ഉപഗ്രഹ ഇന്റര്‍നെറ്റ് രംഗത്ത് ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് മത്സരിക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു. ലോഎര്‍ത്ത് ഓര്‍ബിറ്റ് (LEO) ഉപഗ്രഹങ്ങൾ ഉപയോഗിച്ച് അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വിതരണം ചെയ്യുക എന്നതാണ് മൂന്ന് കമ്പനികളുടെയും ലക്ഷ്യം.
രാജ്യത്തെ ടെലിഫോണ്‍ കണക്ഷനുകള്‍ ഇപ്പോള്‍ 1.2 ബില്യണാണ്. ഇന്റര്‍നെറ്റ് സബ്‌സ്‌ക്രിപ്ഷനുകള്‍ 286 ശതമാനം വര്‍ധിച്ച് 970 ദശലക്ഷത്തിലെത്തിയെന്നും മന്ത്രി പറഞ്ഞു. 1,450 ശതമാനത്തിലധികം വളര്‍ച്ചയാണ് ബ്രോഡ്ബാന്‍ഡ് ഉപയോഗം കൈവരിച്ചത്. 2014ല്‍ 60 ദശലക്ഷമായിരുന്നെങ്കില്‍ ഇന്നത് 944 ദശലക്ഷമായി ഉയര്‍ന്നു. മൊബൈല്‍ ഡാറ്റയുടെ വില 96.6 ശതമാനം കുറഞ്ഞ് ഒരു ജിബി 8.9 രൂപയ്ക്ക് ലഭിക്കുന്ന സാഹചര്യമായെന്നും അദ്ദേഹം പറഞ്ഞു.
18 വര്‍ഷത്തിനിടെ ആദ്യമായി ബിഎസ്എന്‍എലിന് 202425 സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ച്ചയായി 262 കോടി രൂപയും 280 കോടി രൂപയും അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. 83,000ത്തിലധികം 4G സൈറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നും 74,000 ഇതിനോടകം പ്രവര്‍ത്തനക്ഷമമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.