ഭൂമിയുടെ ഭ്രമണപഥത്തിൽ ഒരു ദശലക്ഷം ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ബഹിരാകാശത്ത് എഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ ഇലോൺ മസ്കിന്റെ സ്‌പേസ്എക്സ് അനുമതി തേടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പ്യൂട്ടിംഗിന് ആവശ്യമായ വൻതോതിലുള്ള ഊർജ്ജം കണ്ടെത്താനായി പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഉപഗ്രഹ ശൃംഖലയാണ് കമ്പനി വിഭാവനം ചെയ്യുന്നത്. അമേരിക്കയിലെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന് സമർപ്പിച്ച അപേക്ഷയിൽ, ഇത് മനുഷ്യന്റെ ഗ്രഹാന്തര ജീവിതത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പായിരിക്കുമെന്ന് സ്‌പേസ്എക്സ് വ്യക്തമാക്കി.
ഭൂമിയിലെ ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കാൻ വൻതോതിൽ വൈദ്യുതിയും തണുപ്പിക്കാൻ കോടിക്കണക്കിന് ലിറ്റർ വെള്ളവും ആവശ്യമാണ്. എന്നാൽ ബഹിരാകാശത്തെ സൂര്യപ്രകാശവും അവിടുത്തെ സ്വാഭാവിക തണുപ്പും ഉപയോഗിക്കുന്നതിലൂടെ ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. സ്‌പേസ്എക്സ് വികസിപ്പിക്കുന്ന പുനരുപയോഗിക്കാവുന്ന സ്റ്റാർഷിപ്പ് റോക്കറ്റുകൾ ഉപയോഗിച്ചായിരിക്കും ഈ വമ്പൻ ഉപഗ്രഹ ശൃംഖല വിന്യസിക്കുക. ഭൂമിയിൽ നിന്ന് 500 മുതൽ 2000 കിലോമീറ്റർ വരെയുള്ള ഭ്രമണപഥത്തിൽ ലേസർ വിനിമയത്തിലൂടെ പരസ്പരം ബന്ധിപ്പിച്ചായിരിക്കും ഇവ പ്രവർത്തിക്കുക.

